മുംബൈ: സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുള്ള പേരാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ (Sachin Tendulkar) മകൾ സാറ ടെണ്ടുൽക്കറുടേത് (Sara Tendulkar). ഇപ്പോഴിതാ ഏറെ ഗൗരവമുള്ള ഒരു വിഷയവുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാറ ടെണ്ടുൽക്കര്‍. സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന തന്‍റെ ഡീപ്ഫേക്ക് ഫോട്ടോകളിലാണ് സാറ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത് (Sara Tendulkar against deepfake photos in Social media).
ഇതു സംബന്ധിച്ച് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായി സാറ ഒരു പ്രസ്‌താന പങ്കുവച്ചിട്ടുണ്ട്. തന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയിലുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ചു പറയുന്ന 26-കാരിയായ സാറ, തനിക്ക് എക്‌സില്‍ അക്കൗണ്ടില്ലെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
"നമുക്കെല്ലാവർക്കും തന്നെ സന്തോഷങ്ങളും സങ്കടങ്ങളും ദൈനംദിന പ്രവർത്തനങ്ങളും പങ്കിടാനുള്ള ഒരു മികച്ച ഇടമാണ് സോഷ്യൽ മീഡിയ. എന്നാല്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാണുമ്പോൾ വലിയ അസ്വസ്ഥതയുണ്ട്. യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയുള്ള എന്‍റെ ചില ഡീപ്ഫേക്ക് ഫോട്ടോകൾ ഞാന്‍ കണ്ടു.
എക്‌സിൽ (മുമ്പ് ട്വിറ്റർ) കുറച്ച് അക്കൗണ്ടുകൾ ആൾമാറാട്ടത്തിനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എനിക്ക് എക്‌സിൽ അക്കൗണ്ടില്ല. എക്‌സ് ഇത്തരം അക്കൗണ്ടുകൾ പരിശോധിച്ച് അതു സസ്പെൻഡ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.സത്യത്തെ തമസ്‌കരിച്ചല്ല വിനോദം കണ്ടെത്തേണ്ടത്.വിശ്വാസത്തിലും യാഥാർത്ഥ്യത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം" സാറ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.
സാറയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് തന്നെ വൈറലായിരുന്നു. എന്നാല്‍ അതു ഡിലീറ്റ് ചെയ്‌ത സാറ, പിന്നീട് ചില മാറ്റങ്ങളോടെ സ്റ്റോറി വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിക്കുന്ന സാറയുടെ ഡീപ്‌ഫേക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സഹോദരന്‍ അര്‍ജനൊപ്പം സാറയെടുത്ത ചിത്രമാണിത്. ലോകകപ്പ് ഫൈനലിന് മുന്നെ ശുഭ്‌മാന്‍ ഗില്ലിന് ആശംസ അറിയിച്ച സാറയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിന് അമ്പതിനായിരത്തിലധികം ഫോളോവേഴ്‌സാണുണ്ടായിരുന്നത്.
അതേസമയം നേരത്തെ രശ്‌മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവംബര്‍ ആദ്യ വാരത്തിലായിരുന്നു രശ്‌മികയുടെ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വന്നത്. സാറ പട്ടേൽ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ ഉപയോഗിച്ചായിരുന്നു രശ്‌മികയുടെ ഡീപ്‌ഫേക്ക് വീഡിയോ തയ്യാറാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന തന്‍റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് ഏറെ വേദന തോന്നുന്നു എന്ന് സംഭവത്തിൽ രശ്‌മിക പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കത്രീന കൈഫ് ഇരയായത്. തന്‍റെ പുതിയ സിനിമ അപ്‌ഡേറ്റിന്‍റെ ഭാഗമായി താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പങ്കിട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അല്‍പ വസ്‌ത്രത്തിലുള്ള ചിത്രമായി സോഷ്യല്‍ മീഡിയയിലെത്തി. ഇതിന് പിന്നാലെ തന്നെയായിരുന്നു കാജോളിന്‍റെ മുഖം മോർഫ് ചെയ്‌ത്, ക്യാമറയ്‌ക്കു മുമ്പിന്‍ വസ്ത്രം മാറുന്നുവെന്ന തരത്തിലുള്ള ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചത്.