ഹൈദരാബാദ്: മലയാളി താരം സഞ്‌ജു സാംസണ് ഏകദിന ക്രിക്കറ്റില്‍ റിഷഭ് പന്തിന് പകരക്കാരനാകാന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ സഞ്‌ജുവിന്‍റെ പ്രകടനം തന്നെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഏകദിന ക്രിക്കറ്റിന്‍റെ ഭാവി കണക്കിലെടുത്ത് ഫോര്‍മാറ്റില്‍ പന്തിന് പകരക്കാരാനാകാന്‍ സഞ്‌ജുവിന് സാധിക്കില്ലെന്നും വസീം ജാഫര്‍ പറഞ്ഞു.
സഞ്‌ജുവിന്‍റെ സ്ഥിരത എപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മിന്നും പ്രകടനം അദ്ദഹം പുറത്തെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജു അവസാന രണ്ട് മത്സരങ്ങളില്‍ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിൽ പരമ്പര സമ്മാനിച്ച റിഷഭ് പന്തിന്‍റെ സെഞ്ച്വറി പലരും വളരെ എളുപ്പത്തിൽ മറക്കുന്നതായി എനിക്ക് തോന്നുന്നു. അത് ഏകദിന ക്രിക്കറ്റിലായിരുന്നു. ടി20 ക്രിക്കറ്റിലേക്കെത്തിയാല്‍ ഒരുപക്ഷേ നാലാം നമ്പറിലും, അഞ്ചാം നമ്പറിലും ബാറ്റിങ്ങിനെത്തുന്ന പന്ത് സ്ഥിരതയുള്ള താരമായിരിക്കില്ല. എന്നാല്‍ ഏകദിന-ടെസ്‌റ്റ് ക്രിക്കറ്റില്‍ സ്ഥിതിയതല്ല.
കെ എല്‍ രാഹുല്‍, സഞ്‌ജു സാംസണ്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഏകദിന ക്രിക്കറ്റിൽ റിഷഭ് പന്തിന് പകരക്കാരനെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല എന്നും വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.
ഈ വർഷം 7 ടി20യിൽ നിന്ന് 44.75 ശരാശരിയിൽ 179 റൺസാണ് സാംസൺ നേടിയത്. 2022 ലെ ഏകദിനത്തിൽ 9 മത്സരങ്ങളിൽ നിന്ന് 82.66 എന്ന മികച്ച ശരാശരിയിൽ 248 റൺസും സഞ്‌ജു സ്വന്തമാക്കിയിട്ടുണ്ട്.