തിരുവനന്തപുരം : ഓസ്ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്‌ജു സാംസണെ (Sanju Samson) തഴഞ്ഞതില്‍ ആരാധക രോഷം പുകയുകയാണ്. സെലക്‌ടര്‍മാരുടെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയുള്ള സഞ്‌ജുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ് (Sanju Samson After Australia ODIs Snub).
'ഇതൊക്കെ അങ്ങനെ തന്നെയാണ്, ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും' - എന്നാണ് ഒരു സ്‌മൈലി ഇമോജിയോടൊപ്പം സഞ്‌ജു സാംസണ്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് കീഴില്‍ സഞ്‌ജുവിന് പിന്തുണയുമായി നിരവധി ആരാധകര്‍ കമന്‍റിട്ടിട്ടുണ്ട്. സഞ്‌ജുവിന് നല്ലകാലം വരുമെന്ന പ്രതീക്ഷയാണ് കമന്‍റിലൂടെ ആരാധകരില്‍ പലരും പങ്കുവയ്‌ക്കുന്നത്.
ശക്തമായി മുന്നോട്ടുപോകാനും കൂടെയുണ്ടെന്നും ആശ്വാസ വാക്കുകള്‍ ആരാധകര്‍ കുറിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയില്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്‌ജുവിനെ തഴഞ്ഞ് തിലക് വർമ്മയേയും (Tilak Varma) റുതുരാജ് ഗെയ്‌ക്‌വാദിനേയുമാണ് (Ruturaj Gaikwad) സെലക്‌ടര്‍മാര്‍ ടീമിലെടുത്തിരിക്കുന്നത്. ഏകദിന ലോകകപ്പ് (ODI World Cup 2023) ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്ന 28-കാരനെ അടുത്തിടെ സമാപിച്ച ഏഷ്യ കപ്പിനുള്ള (Asia Cup 2023) സ്‌ക്വാഡില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയിരുന്നു.
കെഎല്‍ രാഹുലിന് പരിക്കേറ്റതിനാലാണ് സഞ്‌ജുവിനെ റിസര്‍വ് താരമാക്കിയതെന്ന് സെലക്‌ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കാതിരുന്ന രാഹുല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്‌ജുവിനെ മാനേജ്‌മെന്‍റ് തിരിച്ച് അയയ്‌ക്കുകയായിരുന്നു. സ്‌ക്വാഡിന്‍റെ ഭാഗമായിരുന്ന തിലകിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കുകയും ചെയ്‌തു.
എന്നാല്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതേവരെ രണ്ട് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള റുതുരാജ് ഗെയ്‌ക്‌വാദ് 27 റണ്‍സാണ് നേടിയിട്ടുള്ളത്. നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ റുതുരാജിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ കളിക്കുന്നത്. ഏകദിനത്തില്‍ ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്‌ജു. 13 ഏകദിനങ്ങളില്‍ നിന്നായി 55.71 ശരാശരിയിൽ 390 റൺസാണ് താരം നേടിയിട്ടുള്ളത്.
മൂന്ന് അർധസെഞ്ചുറികളാണ് 28-കാരന്‍റെ പട്ടികയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച തന്‍റെ അവസാന ഏകദിനത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി തിളങ്ങാനും മലയാളി താരത്തിന് കഴിഞ്ഞിരുന്നു. 41 പന്തിൽ നിന്ന് 51 റൺസായിരുന്നു സഞ്‌ജുവിന് നേടാന്‍ കഴിഞ്ഞത്.
അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുന്നത്(India vs Australia). ആദ്യ ഏകദിനങ്ങളില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ അവസാന മത്സരത്തിനായി ടീമിനൊപ്പം ചേരും. ആദ്യ രണ്ട് മത്സരങ്ങളില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക.