മുംബൈ : ഏഷ്യ കപ്പ് 2023 (Asia Cup 2023) ക്രിക്കറ്റില്‍ എട്ടാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുകയാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളി (India vs Sri Lanka). മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ സജീവമാണ്.
പ്രധാനമായും ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇത് നടക്കുന്നത്. പരിക്ക് മാറി ശ്രേയസ് തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്‌ടമാവുമോയെന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബാംഗര്‍ (Sanjay Bangar on Shreyas Iyer replacing Ishan Kishan).
ഇഷാന്‍ തുടരുമെന്നാണ് സഞ്ജയ് ബാംഗര്‍ പറയുന്നത്. ശ്രേയസിന്‍റെ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറാവുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഏഷ്യ കപ്പിന്‍റെ ഫൈനലില്‍ ശ്രേയസ് അയ്യരിലേക്ക് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് നോക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഇത് എല്ലാവര്‍ക്കും മനസിലാകാവുന്നതേ ഉള്ളൂ. കാരണം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ അഞ്ച് മാറ്റങ്ങളുമായി ആയിരുന്നു ഇന്ത്യ ഇറങ്ങിയത്. ആ മത്സരത്തില്‍ ശ്രേയസ് അയ്യരെയും കളിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു.
എനിക്ക് തോന്നുന്നത് എന്തെന്നാല്‍, ശ്രേയസിന്‍റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കാനും തിരിച്ചുവരവിന് ആവശ്യമായ സമയം നല്‍കാനും ടീം മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നു എന്നാണ്. ഈ മത്സരത്തില്‍ ശ്രേയസിനെ കളിപ്പിച്ച് റിസ്‌ക് എടുക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറാവുമന്നും എനിക്ക് തോന്നുന്നില്ല" - സഞ്ജയ് ബാംഗര്‍ (Sanjay Bangar) പറഞ്ഞു.
പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം തിരികെ എത്തിയ ശ്രേയസ് അയ്യര്‍ (Shreyas Iyer) ഏഷ്യ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാൻ, നേപ്പാൾ എന്നിവർക്കെതിരായ മത്സരങ്ങളിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍റെ ഭാഗമായിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിലും താരം കളിക്കേണ്ടതായിരുന്നു. എന്നാല്‍ പുറം വേദനയെത്തുടര്‍ന്ന് താരം പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായിരുന്നു.
കഴിഞ്ഞ ഇന്നിങ്സുകളിലെ മികച്ച പ്രകടനം പരിഗണിക്കുമ്പോള്‍ ഇഷാന്‍ കിഷന് (Ishan Kishan) പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും സഞ്ജയ് ബാംഗര്‍ പറഞ്ഞു. "ഇഷാൻ കിഷൻ അവസാനമായി കളിച്ച അഞ്ച്-ആറ് ഇന്നിങ്‌സുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയത് ശ്രമകരമായ സാഹചര്യങ്ങളിലാണ്. ഏഷ്യ കപ്പിലും രണ്ട് മികച്ച ഇന്നിങ്സുകള്‍ വന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ പ്രകടനം എടുത്ത് പറയേണ്ടതാണ്" - സഞ്ജയ് ബാംഗര്‍ വ്യക്തമാക്കി.