കോളംബോ : ശ്രീലങ്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് മലയാളി ഫാസ്റ്റ് ബൗളർ സന്ദീപ് വാര്യർ. പരിക്കേറ്റ നവദീപ് സെയ്‌നിക്ക് പകരമാണ്, നെറ്റ് ബൗളറായി ടീമിനൊപ്പമെത്തിയ സന്ദീപിന് നറുക്ക് വീണത്.
ഇന്ത്യക്കായി മൂന്ന് മലയാളി താരങ്ങൾ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സഞ്ജു സാംസണും, ദേവ്‌ദത്ത് പടിക്കലുമാണ് ഈ മത്സരത്തിൽ സന്ദീപിനൊപ്പം കളിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ ഇവർ മൂവരും മൂന്ന് ടീമുകൾക്കായാണ് ഇറങ്ങുന്നത്. കൂട്ടത്തിൽ സഞ്ജു സാംസൺ മാത്രമാണ് കേരളത്തിനായി കളിക്കുന്നത്. ദേവ്ദത്ത് പടിക്കൽ കർണാടകയ്ക്കായും സന്ദീപ് വാരിയർ തമിഴ്നാടിനായുമാണ് കളിക്കുന്നത്
ശ്രീശാന്തിനും സഞ്ജുവിനും ശേഷം ടി20യിൽ അരങ്ങേറുന്ന മലയാളി താരമാണ് സന്ദീപ്. ടിനു യോഹന്നാനും, ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറുന്ന മലയാളി ബൗളറുമാണ്. 30-ാം വയസിൽ ഇന്ത്യൻ ടീമിനായി അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിലൂടെ സന്ദീപ് സ്വന്തമാക്കി.
കേരളത്തിന് വേണ്ടി രഞ്ജി ട്രേഫിയിൽ മികച്ച പ്രകടനമാണ് തൃശൂർ സ്വദേശിയായ സന്ദീപ് കാഴ്‌വച്ചിട്ടുള്ളത്. കേരളത്തിനായി 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 186 വിക്കറ്റുകളാണ് സന്ദീപ് എറിഞ്ഞിട്ടത്.
ഇതിൽ 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വർഷം മുതൽ തമിഴ്‌നാടിന് വേണ്ടിയാണ് സന്ദീപ് രഞ്ജിയിൽ കളിക്കുന്നത്.
ഇന്ത്യ എ ടീമിനായും മികച്ച പ്രകടനമാണ് സന്ദീപ് കാഴ്‌ചവച്ചിട്ടുള്ളത്. 55 മത്സരങ്ങളിൽ നിന്നായി 66 വിക്കറ്റുകൾ വീഴ്ത്താൻ സന്ദീപിനായിട്ടുണ്ട്. നാല് വിക്കറ്റ് പ്രകടനവും ഇതിൽ ഉൾപ്പെടുന്നു.
ALSO READ: സന്ദീപ് വാര്യർക്ക് അരങ്ങേറ്റം; ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്
എന്നാൽ ഐപിഎല്ലില്‍ ശ്രീശാന്തിനെ പോലെ ശോഭിക്കാൻ സന്ദീപിനായില്ല. 2013 മുതൽ മൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ കളിക്കാനുള്ള അവസരം സന്ദീപിന് ലഭിച്ചിരുന്നില്ല.
തുടർന്ന് 2019 ൽ താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കെത്തിയെങ്കിലും 4 മത്സരം മാത്രമാണ് ഇതുവരെ കളിക്കാനായത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് മാത്രമേ സന്ദീപിന് സ്വന്തമാക്കാനായുള്ളൂ. പ്രകടനം മികച്ചതാക്കാൻ കൂടുതൽ അവസരങ്ങൾ ഈ മലയാളി താരത്തെ തേടിവന്നതുമില്ല.