മുംബൈ : റോഡ് സേഫ്റ്റി വേൾഡ് സീരീസിന്‍റെ (ആർഎസ്‌ഡബ്ല്യുഎസ്) രണ്ടാം പതിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലെജൻഡ്‌സിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നയിക്കും. സെപ്‌തംബർ 10ന് കാണ്‍പൂരിൽ ആരംഭിക്കുന്ന ടൂർണമെന്‍റ് 22 ദിവസം നീണ്ടുനിൽക്കും. ഒക്‌ടോബർ ഒന്നിന് റായ്‌പൂരിലാണ് ഫൈനൽ. ഇൻഡോറും ഡെറാഡൂണും മത്സരത്തിന് വേദിയാകും.
റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം മുതൽ ലോക സീരീസിന് തുടക്കമിട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ടീമുകൾ അണിനിരന്ന ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയത് സച്ചിൻ ടെൻഡുൽക്കർ നയിച്ച ഇന്ത്യൻ ടീമായിരുന്നു. ഫൈനലിൽ തിലകരത്‌നെ ദിൽഷൻ നയിച്ച ശ്രീലങ്കൻ ടീമിനെയാണ് ഇന്ത്യ തോൽപ്പിച്ചത്.
അതേസമയം ഇത്തവണ ന്യൂസിലാൻഡ് ലെജൻഡ്‌സ് എന്ന ടീമും റോഡ് സേഫ്റ്റി വേൾഡ് സീരീസിന്‍റെ ഭാഗമാകും. ഇപ്പോള്‍ യുഎഇയില്‍ പുരോഗമിക്കുന്ന ഏഷ്യ കപ്പ് തീരുന്നതിന് തൊട്ടുമുമ്പ് തന്നെ വെറ്ററന്‍ ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്‍റിന് തുടക്കമാവും. കഴിഞ്ഞ തവണ ഇന്ത്യ ലെജൻഡ്‌സിന്‍റെ ഭാഗമായ എല്ലാ താരങ്ങളും ഇത്തവണയും ടൂർണമെന്‍റിൽ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം റോഡ് സേഫ്റ്റി വേൾഡ് സീരീസ് സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുമെന്നും റോഡ് സുരക്ഷയിൽ ജനങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ അനുയോജ്യമായ വേദിയായി ഈ ടൂർണമെന്‍റ് പ്രവർത്തിക്കുമെന്നും കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ക്രിക്കറ്റ് വഴി റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള മികച്ച സംരംഭമാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് എന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയും പറഞ്ഞു.