മുംബൈ: സ്‌പിൻ മാന്ത്രികൻ ഷെയ്‌ൻ വോണിന്‍റെ അപ്രതീക്ഷിത വിയോഗത്തിന് ഇന്ന് ഒരു വർഷം. 2022 മാർച്ച് 4 ന് തായ്‌ലൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്‍റെ അന്ത്യം. വോണിന്‍റെ വേർപാടിന് ഒരു വർഷം പിന്നിടുമ്പോൾ ഇതിഹാസത്തിന്‍റെ ഓർമ്മകൾ നിരവധി ക്രിക്കറ്റ് താരങ്ങൾ പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ആദം ഗിൽക്രിസ്റ്റ്, മൈക്കൽ വോണ്‍ തുടങ്ങിയ താരങ്ങൾ വോണിന്‍റെ ഓർമകൾ സമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
മികച്ച സുഹൃത്ത് എന്ന വിശേഷണത്തോടെയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിലൂടെ വോണിന്‍റെ ഓർമകൾ പങ്കുവെച്ചത്. 'ഞങ്ങൾ തമ്മിൽ മൈതാനത്ത് അവിസ്‌മരണീയമായ ചില യുദ്ധങ്ങൾ ഉണ്ടായിരുന്നു. അതിലൂടെ അവിസ്‌മരണീയമായ നിമിഷങ്ങൾ ഞങ്ങൾ പങ്കിട്ടു.
ഒരു മികച്ച ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മികച്ച സുഹൃത്ത് എന്ന നിലയിലും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു. നിങ്ങളുടെ നർമ്മബോധവും വ്യക്‌തി പ്രഭാവവും കൊണ്ട് നിങ്ങൾ സ്വർഗത്തെ മുമ്പത്തേക്കാളും ആകർഷകമാക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്, വാർണി!'. വോണിന്‍റെ ഫോട്ടോയോടൊപ്പം സച്ചിൻ കുറിച്ചു.
സച്ചിൻ വോണ്‍ പോരാട്ടം: ക്രിക്കറ്റ് ലോകത്ത് ഏറെ പേരുകേട്ട പോരാട്ടങ്ങളിൽ മുൻപന്തിയിലാണ് സച്ചിൻ- വോണ്‍ പോരാട്ടം. ഒരുകാലത്ത് ക്രിക്കറ്റ് മത്സരങ്ങളിലേക്ക് കാണികളെ ആകർഷിരുന്നതും ഈ പോരാട്ടമായിരുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളിൽ 29 തവണയാണ് സച്ചിനും ഷെയ്‌ൻ വോണും പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ നാല് തവണ മാത്രമേ സച്ചിനെ പുറത്താക്കാൻ ലെഗ് സ്‌പിന്നറായ വോണിന് കഴിഞ്ഞുള്ളു.
1998ൽ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സച്ചിനെ വോണ്‍ ആദ്യമായി പുറത്താക്കുന്നത്. അന്ന് 4 റണ്‍സായിരുന്നു സച്ചിന്‍റെ സമ്പാദ്യം. എന്നാൽ തൊട്ടടുത്ത മത്സത്തിൽ ഏല്ലാ ഓസ്‌ട്രേലിയൻ ബോളർമാരെയും നിഷ്‌പ്രഭരാക്കിക്കൊണ്ട് സച്ചിൻ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 191 പന്തിൽ 155 റണ്‍സാണ് സച്ചിൻ അന്ന് അടിച്ച് കൂട്ടിയത്.
മാന്ത്രികൻ: ലോക ക്രിക്കറ്റിലെ സ്‌പിൻ മാന്ത്രികൻ എന്നാണ് ഷെയ്‌ൻ വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് തികയ്‌ക്കുന്ന ഏക താരം കൂടിയാണ് ഷെയ്‌ൻ വോണ്‍. മുരളീധരൻ നാട്ടിലെ പിച്ചുകളിലാണ് തന്‍റെ വിക്കറ്റുകളിലധികവും നേടിയെതെങ്കിൽ പേസിനെ തുണയ്‌ക്കുന്ന വിദേശ പിച്ചുകളിലായിരുന്നു വോണ്‍ തന്‍റെ വിക്കറ്റുകളിലധികവും സ്വന്തമാക്കിയത്.
1992 ജനുവരി 2ന് ഇന്ത്യക്കെതിരെയുള്ള ടെസ്റ്റിലൂടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം മാർച്ച് 24ന് ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിലും താരം അരങ്ങേറി. ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളുമാണ് വോണ്‍ എറിഞ്ഞിട്ടത്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
നൂറ്റാണ്ടിന്‍റെ പന്ത്: 1993ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റർ ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ലോകം 'നൂറ്റാണ്ടിന്‍റെ പന്ത്' എന്ന് വിശേഷിപ്പിച്ച മാജിക് ബോൾ വോണിന്‍റെ മാന്ത്രിക വിരളുകളിൽ നിന്ന് പിറവിയെടുത്തത്. ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങായിരുന്നു വോണിന്‍റെ ഇര. ആഷസ് പരമ്പരകളിൽ നിന്ന് മാത്രമായി 195 വിക്കറ്റുകളാണ് വോണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് ചാമ്പ്യൻമാരായത് വോണിന്‍റെ നേതൃത്വത്തിലായിരുന്നു. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 57 വിക്കറ്റുകളാണ് വോണ്‍ സ്വന്തമാക്കിയിട്ടുള്ളത്.