മുംബൈ : ടി20 ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് കുന്തമുന ജസ്‌പ്രീത് ബുംറ ഇല്ല എന്നറിഞ്ഞതോടെ ഈ ലോകകപ്പും പോയി എന്ന് പറഞ്ഞവരാണ് പലരും. ബുംറയ്‌ക്ക് പകരക്കാരനായി മുഹമ്മദ് ഷമിയെ ടീമിലെടുത്തപ്പോഴും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
എന്നാൽ ഓസീസിനെതിരായ പരിശീലന മത്സരത്തിലെ ഒറ്റ ഓവർ പ്രകടനത്തിലൂടെ ഷമി ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി. ഇപ്പോൾ ബുംറയുടെ വിടവ് നികത്താൻ ഷമിക്ക് അനായാസം സാധിക്കുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും.
'ബുംറയുടെ അഭാവം വലിയ നഷ്‌ടം തന്നെയാണ്. ആ അവസരത്തിൽ ഞങ്ങൾക്ക് തീർച്ചയായും ഒരു സ്‌ട്രൈക്ക് ബൗളറെ ആവശ്യമായിരുന്നു. ബാറ്റർമാരെ ആക്രമിച്ച് വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ഒരു മികച്ച ഫാസ്റ്റ് ബൗളർ. ഷമി അത് തെളിയിച്ചു. അവൻ ഒരു മികച്ച ഒപ്ഷൻ തന്നെയാണ്' - സച്ചിൻ പറഞ്ഞു.
അതേസമയം ഇന്ത്യൻ യുവ പേസർ അർഷ്‌ദീപ് സിങ്ങിനെക്കുറിച്ചും സച്ചിൻ വാചാലനായി. കുറഞ്ഞ കാലയളവിൽ തന്നെ അർഷ്‌ദീപ് താനാരാണെന്ന് തെളിയിച്ചു. വളരെ ബാലൻസുള്ള താരമാണ് അവൻ. അവനെ എപ്പോഴും ഒരു പ്രതിബദ്ധതയുള്ള കളിക്കാരനായാണ് കാണുന്നത്.
അവന് ഒരു പ്ലാൻ ഉണ്ടെങ്കിൽ അത് നടപ്പിലാക്കാൻ പരമാവധി ശ്രമിക്കും. ടി20 ഫോർമാറ്റിൽ ഇത് വളരെ പ്രധാനമാണ്. കാരണം ബാറ്റർമാർ നൂതനമായ ഷോട്ടുകളുമാണ് കളിക്കുന്നത്. അതിനാൽ ബോളർമാർക്ക് ഒരു പ്ലാൻ ഉണ്ടാവേണ്ടതും അത് നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ് - സച്ചിൻ കൂട്ടിച്ചേർത്തു.