മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്‌ജു സാംസണിന് ഇടം ലഭിച്ചിരുന്നു. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായതാണ് സഞ്‌ജുവിന് വീണ്ടും ഏകദിന ടീമിലേക്ക് വിളിയെത്താനുള്ള പ്രധാന കാരണം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഇരു താരങ്ങളും എന്നാവും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തതയില്ല.
ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ 28-കാരനായ സഞ്‌ജുവിന് ഏഷ്യ കപ്പിലേക്കും അതുവഴി ലോകകപ്പിലേക്കും വഴിയൊരുങ്ങിയേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാലിതാ സ്ഥിരതയില്ലാത്ത താരമാണ് സഞ്‌ജു സാംസണ്‍ എന്ന് വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്‌ടറുമായിരുന്ന സാബ കരീം. ഇക്കാരണത്താലാണ് സൂര്യകുമാര്‍ യാദവിനേയും ശ്രേയസ് അയ്യരേയും പോലെ സഞ്‌ജു സാംസണെ ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥിരക്കാരനാക്കാത്തതെന്നാണ് സാബ കരീം പറയുന്നത്.
ഐപിഎല്ലിൽ യശസ്വി ജയ്‌സ്വാളിനെയും തിലക് വർമയെയും പോലെയുള്ള താരങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "പരിക്കുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കളിക്കാരെ ലഭ്യമല്ലെങ്കില്‍, സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടാകണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അവന് സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണം.
അതുവഴി ടീമിന്‍റെ ഭാഗമായ നിലവിലെ താരങ്ങളെ വെല്ലുവളിക്കാനും സഞ്‌ജുവിന് കഴിയണം. നിര്‍ഭാഗ്യവശാല്‍ അവന് അതിന് കഴിയുന്നില്ലെന്നതാണ് സത്യം. ഐപിഎല്ലില്‍ നോക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കും. ഈ വർഷം യശസ്വി ജയ്‌സ്വാളില്‍ നിന്നും തിലക് വർമയില്‍ നിന്നും ഉണ്ടായതുപോലുള്ള പ്രകടനം സഞ്‌ജുവില്‍ നിന്ന് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സഞ്‌ജുവിന്‍റെ ഭാഗത്തുനിന്ന് ഇടയ്ക്കിടെ മാത്രമാണ് മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ സഞ്‌ജുവില്‍ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അവന് കഴിവുണ്ടെങ്കിലും നിർഭാഗ്യവശാൽ ഉണ്ടാകേണ്ട സ്ഥിരത ചില സമയങ്ങളിൽ നഷ്‌ടപ്പെടുന്നു. അതുകൊണ്ടാണ് അവന് ഇന്ത്യൻ ടീമിൽ സ്ഥിരക്കാരനാവാന്‍ കഴിയാത്തതെന്നാണ് എനിക്ക് തോന്നുന്നത്" - സാബ കരീം പറഞ്ഞു.
ALSO READ: odi world cup 2023| ലോകം ലോകകപ്പ് ആവേശത്തിലേക്ക്... കണ്ടിരിക്കേണ്ട അഞ്ച് മത്സരങ്ങള്‍ ഇതാ
ഏകദിന ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്‌ജു. 11 ഏകദിനങ്ങളില്‍ നിന്നായി 66.00 ശരാശരിയിൽ 330 റൺസാണ് താരം നേടിയിട്ടുള്ളത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ വലങ്കയ്യന്‍ ബാറ്റര്‍ക്ക് കഴിഞ്ഞിട്ടില്ല. 17 ടി20 മത്സരങ്ങളില്‍ നിന്ന് 20.06 ശരാശരിയിൽ 301 റൺസാണ് സഞ്‌ജുവിന് നേടാന്‍ കഴിഞ്ഞത്.
ALSO READ: ഏഴോവര്‍ പന്തെറിഞ്ഞ് ജസ്‌പ്രീത് ബുംറ ; എൻസിഎയില്‍ പരിശീലന മത്സരത്തിനും സജ്ജന്‍
അതേസമയം ഇന്ത്യയുടെ ടെസ്റ്റ് ടീമിലും സഞ്‌ജുവിനെ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഏറെ പ്രതിഭയുള്ള സഞ്‌ജു ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. ടെസ്റ്റ് ടീമിലും അവനെ ഉള്‍പ്പെടുത്താമായിരുന്നു. അതിനുള്ള അവസരമാണ് നഷ്ടമായതെന്നുമായിരുന്നു ഗവാസ്‌കറുടെ വാക്കുകള്‍.