ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായാണ് ഇന്ത്യ ഇപ്പോള്‍ മത്സരിക്കുന്നത്. രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങിയ ഇന്ത്യ നാല് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു. കെഎല്‍ രാഹുലാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായുണ്ടായിരുന്നത്. എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമാണ് രാഹുല്‍ നടത്തിയത്.
കളിച്ച മൂന്ന് ഇന്നിങ്‌സുകളിലായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരന് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ തുടര്‍ന്നുള്ള മത്സരങ്ങളിലെ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുലിനെ ബിസിസിഐ നീക്കം ചെയ്‌തിരുന്നു. ഇതോടെ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.
തല്‍സ്ഥാനത്തേക്ക് ആരാവും എത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ സാബ കരീം. പരിക്ക് മാറി തിരിച്ചെത്തുമ്പോൾ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം റിഷഭ് പന്താണെന്നാണ് സാബ കരീം പറയുന്നത്. പന്തിന്‍റെ തിരിച്ചുവരവിനായി എല്ലാവരും കാത്തിരിക്കുകയാണെന്നെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യ ഒരു വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതിരിക്കുന്നതിന് കാരണമുണ്ട്. റിഷഭ് പന്തിന്‍റെ മടങ്ങിവരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് അനുയോജ്യനായ ഒരു താരമാണ് റിഷഭ് പന്ത്.
രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിൽ ആരാണ് നയിക്കാന്‍ പോകുന്നതെന്ന് നമ്മൾ പരിഗണിക്കേണ്ടതുണ്ട്", സാബ കരീം പറഞ്ഞു.
പന്തും ജഡേജയും മുന്നില്‍: ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തിനായി റിഷഭ് പന്തിനൊപ്പം രവീന്ദ്ര ജഡേജയും മുന്‍ നിരയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പന്ത് എല്ലായെപ്പോഴും ഫിറ്റായിരിക്കുമ്പോള്‍ ജഡേജയ്ക്ക് അടുത്തിടെ പരിക്കുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും സാബ കരീം ചൂണ്ടിക്കാട്ടി.
"വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെന്ന് എന്നോട് ചോദിച്ചാൽ, ഇപ്പോൾ രണ്ട് പേരുകള്‍ മാത്രമാണ് എന്‍റെ മുന്നിലുള്ളത്. റിഷഭ് പന്തും രവീന്ദ്ര ജഡേജയും. എന്നിരുന്നാലും, ജഡേജയ്‌ക്ക് ചില പരിക്കിന്‍റെ പ്രശ്‌നങ്ങളുണ്ട്.
മറുവശത്ത്, പന്തിന് കാര്യമായ പരിക്കുകളൊന്നുമില്ല. ഇപ്പോഴുണ്ടായ അപകടം തികച്ചും ദൗർഭാഗ്യകരമായിരുന്നു. എന്നാൽ അതിനുപുറമെ, പന്ത് എപ്പോഴും ഫിറ്റായിരുന്നു", കരീം കൂട്ടിച്ചേർത്തു.
വൈസ് ക്യാപ്റ്റനാവാന്‍ മികച്ച പ്രകടനം വേണം: ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതുകൊണ്ട് മാത്രം കെഎൽ രാഹുലിനെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താകുമെന്ന് അര്‍ഥമില്ലെന്നും സാബ കരിം പറഞ്ഞു. "കെഎൽ രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്‌തതിന്‍റെ സൂചന വളരെ വ്യക്തമാണ്.

കാരണം അവന്‍റെ പ്രകടനങ്ങൾ മികച്ചതായിരിക്കില്ല. എന്നിരുന്നാലും, രാഹുലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കില്ല എന്നല്ല ഇതിനര്‍ഥം. മികച്ച പ്രകടനം നടത്തിയാൽ മാത്രമേ നിങ്ങൾക്ക് വൈസ് ക്യാപ്റ്റൻ ആകാൻ കഴിയൂ.
കളിച്ച മത്സരങ്ങളിലും ഇന്ത്യ വിജയിച്ചുവെന്നത് രാഹുലിന് നേട്ടമാണ്. മറിച്ചായിരുന്നുവെങ്കില്‍ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു. രാഹുലിനെ ടീമിൽ നിന്നും ഒഴിവാക്കുന്നതിൽ ഒരു മടിയും ഉണ്ടാകുമായിരുന്നില്ല", സാബ കരീം പറഞ്ഞു നിര്‍ത്തി.