ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റര്‍ കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി റിഷഭ് പന്ത്, സഞ്‌ജു സാംസണ്‍, ഇഷന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് മത്സരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്‌ജുവിനെ തഴഞ്ഞ് പന്തിനെ ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടർ സാബ കരീം.
ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരുമെന്നാണ് സാബ കരീം പറയുന്നത്. ബാറ്ററെന്ന നിലയില്‍ സഞ്‌ജുവിന് ടീമിലിടം നേടാം. ഇഷാന്‍ കിഷന്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ വിനിയോഗിച്ചില്ലെന്നും സാബ കരീം പറഞ്ഞു. പന്തിനുള്ള എക്‌സ് ഫാക്‌ടറാണ് സഞ്‌ജുവിനും കിഷനും മേൽ താരത്തിന് മുന്‍തൂക്കം നല്‍കുന്നതെന്നതെന്നും മുന്‍ സെലക്‌ടര്‍ പറഞ്ഞു.
"ഞാൻ ഇപ്പോഴും സഞ്ജു സാംസണും ഇഷാൻ കിഷനും പകരം റിഷഭ് പന്തിനെ തെരഞ്ഞെടുക്കും. റിഷഭ് പന്തിലുള്ള ആ എക്‌സ് ഫാക്ടർ മറ്റ് രണ്ട് താരങ്ങളിലും ഞാൻ കാണുന്നില്ല. സഞ്‌ജു സാംസൺ ഒരു മികച്ച സ്‌ട്രോക്ക് പ്ലെയറാണ്.
ഒരു ബാറ്ററെന്ന നിലയില്‍ അവന് ടീമിൽ തന്‍റെ സ്ഥാനം നിലനിർത്താൻ കഴിയും. ഇഷാൻ കിഷൻ തനിക്ക് ലഭിച്ച അവസരങ്ങൾ പരമാവധി മുതലാക്കിയില്ല. അതിനാലാണ് അവന് പിന്നോട്ട് പോയത്. വൈറ്റ് ബോളിലും റെഡ് ബോൾ ക്രിക്കറ്റിലും പന്ത് ആയിരിക്കും എന്‍റെ ആദ്യ ചോയ്‌സ്". സാബ കരീം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ ഭാഗമാണ് സഞ്‌ജു കിഷനും. ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയുമായി സഞ്‌ജു തിളങ്ങിയപ്പോള്‍ കിഷന്‍ നിരാശപ്പെടുത്തി. അതേസമയം ടി20 ലോകകപ്പിന്‍റെ ഭാഗമായ റിഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ പരിശീലനത്തിലാണ്.