മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണിനുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികള്‍. ഇതിനിടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍ മാറ്റം നിര്‍ദേശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. രാജസ്ഥാൻ റോയൽസിന്‍റെ നായക സ്ഥാനത്ത് നിന്നും മലയാളിയായ സഞ്‌ജു സാംസണെ മാറ്റണമെന്നാണ് ശ്രീശാന്ത് പറയുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ സ്ഥിരതയാര്‍ന്ന മികച്ച ഫലങ്ങളുണ്ടാക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല. (S Sreesanth against Sanju Samson). ഐപിഎൽ 2024-ല്‍ രാജസ്ഥാന്‍റെ ക്യാപ്റ്റന്‍സി ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ക്ക് നല്‍കണമെന്നുമാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്‍റെ ഇതു സംബന്ധിച്ച പ്രതികരണം. (S Sreesanth on Rajasthan Royals captaincy Sanju Samson Jos Buttler).
"എന്നെ സംബന്ധിച്ച് ഐപിഎല്ലിന്‍റെ പുതിയ സീസണിലേക്ക് രാജസ്ഥാന്‍ റോയല്‍സ് അവരുടെ സിസ്റ്റം പൊളിച്ചെഴുതേണ്ടതുണ്ട്. ഒന്നാമത്തെ കാര്യമെന്തെന്നാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്‌ജു വളരെ ഗൗരവമായി തന്നെ കാണണം. അല്ലെങ്കിൽ ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കണം.
ബട്‌ലർ ഒരു ലോകകപ്പെങ്കിലും നേടിയിട്ടുണ്ട്. സഞ്‌ജുവിന് മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവും. എന്നാല്‍ സ്ഥിരത പുലർത്താൻ കഴിയുന്ന മറ്റൊരാളെ രാജസ്ഥാന് ആവശ്യമാണ്" -എസ് ശ്രീശാന്ത് പറഞ്ഞു.
ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ തന്നെ കിരീടം നേടിയ രാജസ്ഥാനെ കഴിഞ്ഞ മൂന്ന് സീസണുകളില്‍ സഞ്‌ജു സാംസണാണ് നയിച്ചത്. എന്നാല്‍ താരത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ടീമിന് സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇതു മാറ്റത്തിനുള്ള സമയമാണ്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ബട്‌ലര്‍ ഇതിനകം തന്നെ തെളിയിക്കപ്പെട്ട ആളാണെന്നും ശ്രീശാന്ത് പറഞ്ഞു.
"മത്സരങ്ങള്‍ ജയിക്കുന്ന ഒരാളെയാണ് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ആവശ്യമുള്ളത്. എല്ലാ മത്സരങ്ങളും കഴിഞ്ഞില്ലെങ്കിലും തുടര്‍ച്ചയായി മൂന്നോ നാലോ വിജയങ്ങള്‍ നേടേണ്ടതുണ്ട്. ഐപിഎൽ ഒരു വലിയ ടൂർണമെന്‍റാണ്. ഒരുപാട് മത്സരങ്ങളുണ്ട്, വല്ലപ്പോഴും റണ്ണടിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് ഒരിക്കലും ആശ്രയിക്കാന്‍ കഴിയില്ല" -ശ്രീശാന്ത് പറഞ്ഞു നിര്‍ത്തി.
രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണിന് ഭേദപ്പെട്ട റെക്കോഡാണുള്ളത്. 29-കാരന്‍റെ നേതൃത്വത്തിൽ 45 മത്സരങ്ങളാണ് രാജസ്ഥാന്‍ കളിച്ചത്. 22 മത്സരങ്ങളില്‍ വിജയിച്ച ടീം 23 എണ്ണത്തില്‍ തോൽവി വഴങ്ങി.
2022 സീസണില്‍ രാജസ്ഥാനെ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനോടായിരുന്നു രാജസ്ഥാന്‍റെ പരാജയം. കഴിഞ്ഞ സീസണില്‍ തുടക്കം മിന്നിച്ചെങ്കിലും പിന്നീട് ടീം നിറം മങ്ങി. 14 മത്സരങ്ങളില്‍ ഏഴ് വീതം വിജയവും തോല്‍വിയുമായി അഞ്ചാമതാണ് രാജസ്ഥാന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. (Sanju Samson Record as Rajasthan Royals captain).