മുംബൈ : സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോമിലേക്ക് മടങ്ങിയെത്തിരുന്നു. തുടക്കം മുതല്‍ കളം നിറഞ്ഞ താരം 18ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണ് വീണത്.
57 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 99 റണ്‍സെടുത്ത താരത്തെ ടി. നടരാജനാണ് പുറത്താക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ 99 റൺസിൽ പുറത്തായ ആദ്യ കളിക്കാരനല്ല ഋതുരാജ്. ചെന്നൈ ഓപ്പണര്‍ക്ക് മുൻപേ ഐപിഎല്ലില്‍ നിര്‍ഭാഗ്യവാന്മാരായ മറ്റ് താരങ്ങള്‍ ഇവരാണ്.
വിരാട് കോലി
ഐപിഎല്‍ ചരിത്രത്തില്‍ 99 റണ്‍സില്‍ പുറത്താവുന്ന ആദ്യ കളിക്കാരനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മുന്‍ നായകന്‍ വിരാട് കോലി. 2013ൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് (അന്നത്തെ ഡെയർഡെവിൾസ്) കോലി 99ല്‍ വീണത്. 58 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതമായിരുന്നു കോലിയുടെ പ്രകടനം.
ഇന്നിങ്സിന്‍റെ അവസാന പന്തില്‍ 100 തികയ്‌ക്കാനുള്ള ഓട്ടത്തിനിടെ റണ്ണൗട്ടായതാണ് കോലിക്ക് തിരിച്ചടിയായത്. എന്നാല്‍ മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിക്കാന്‍ ബാംഗ്ലൂരിനായി.
പൃഥ്വി ഷാ
ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായാണ് നിര്‍ഭാഗ്യവാന്മാരുടെ പട്ടികയിലെ രണ്ടാമത്തെ താരം. 2019ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് പൃഥി ഷാ 99ല്‍ വീണത്. 55 പന്തിൽ 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 99 റൺസെടുത്ത താരത്തെ ലോക്കി ഫെർഗൂസന്‍റെ പന്തില്‍ ദിനേഷ് കാര്‍ത്തിക് പിടികൂടുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഡല്‍ഹി ജയിച്ചിരുന്നു.
ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യൻസിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഇഷാന്‍ കിഷനാണ് പട്ടികയിലെ മറ്റൊരു താരം. 2020ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ഇഷാന്‍റെ നിർഭാഗ്യം. 57 പന്തിൽ രണ്ട് ഫോറും ഒമ്പത് സിക്‌സും സഹിതം 99 റൺസെടുത്ത കിഷൻ ഇന്നിങ്സിന്‍റെ അവസാന പന്തിൽ ഇസുറു ഉദാനയുടെ പന്തില്‍ ദേവ്‌ദത്ത് പടിക്കല്‍ പിടിച്ചാണ് പുറത്തായത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ബാംഗ്ലൂര്‍ ജയം പിടിച്ചു.
ക്രിസ് ഗെയ്ല്‍
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. 2020ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ഗെയ്ല്‍ 99 റണ്‍സില്‍ പുറത്തായത്. മത്സരത്തില്‍ മൂന്നാമനായി കളത്തിലെത്തിയ താരം 63 പന്തിൽ ആറ് ഫോറും എട്ട് സിക്‌സും സഹിതം 99 റൺസാണ് താരം നേടിയത്. ജോഫ്ര ആർച്ചറുടെ പന്തില്‍ കുറ്റിതെറിച്ചാണ് താരം തിരിച്ച് കയറിയത്.