ഡൊമനിക്ക : ലോക ക്രിക്കറ്റില്‍ വമ്പന്മാരുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ ടീമിന്‍റെ സ്ഥാനം. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് ആരാധകരെ വേദനിപ്പിക്കുന്നതാണ്. 2013-ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യയുടെ അവസാന ഐസിസി കിരീടം.
ഇതിനുശേഷം വിവിധ ഐസിസി ടൂര്‍ണമെന്‍റുകളുടെ ഫൈനല്‍ ഉള്‍പ്പടെ കളിച്ചുവെങ്കിലും അവസാന ചിരി ഇന്ത്യന്‍ ടീമിനൊപ്പം നിന്നിട്ടില്ല. ഇപ്പോഴിതാ ടീമിന് ഐസിസി കിരീടം നേടാന്‍ കഴിയാതിരിക്കുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് രോഹിത് പ്രതികരിച്ചത്.
ടീമിലെ പ്രധാന താരങ്ങളില്‍ പലരേയും ഐസിസി ടൂര്‍ണമെന്‍റുകളില്‍ ലഭ്യമാവാത്തതാണ് ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയാവുന്നതെന്നാണ് രോഹിത് പറയുന്നത്. "ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീമിലെ പ്രധാന കളിക്കാരെ എല്ലാവരേയും ലഭ്യമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കളിക്കാരെ 100 ശതമാനവും ലഭ്യമാകേണ്ടതുണ്ട്. പരിക്കിന്‍റെ ആശങ്കകളൊന്നും പാടില്ല. ടീം വിജയങ്ങള്‍ നേടുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്" - രോഹിത് ശര്‍മ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും തോല്‍വി വഴങ്ങിയതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ളത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പേസര്‍ ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
പോരാട്ടം തുടരും : സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങളെക്കുറിച്ച് പറയുമ്പോൾ, മികച്ച ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നുവെങ്കിലും പലപ്പോഴും ഭാഗ്യം തങ്ങളുടെ പക്ഷത്തല്ലെന്ന് തോന്നുന്നതായാണ് ഹിറ്റ്‌മാന്‍ പറയുന്നത്. ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
"കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്‌തിട്ടുമുണ്ട്. എന്നാല്‍ ഭാഗ്യം കൂടി നിങ്ങളുടെ പക്ഷത്ത് ഉണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച്-ആറ് വർഷങ്ങളിൽ, ഞങ്ങൾ മിക്കവാറും എല്ലായിടത്തും വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ചാമ്പ്യൻഷിപ്പുകൾ നേടുന്നതും വളരെ പ്രധാനമാണ്. ആ ചാമ്പ്യൻഷിപ്പ് ലഭിക്കുന്നതുവരെ ഞങ്ങൾ അതിനായി ശക്തമായി പോരാടും" - രോഹിത് ശര്‍മ പറഞ്ഞുനിര്‍ത്തി.
അതേസമയം വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഈ വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക.