മൊഹാലി: ഇതിഹാസ ഇന്ത്യൻ വനിത പേസർ ജുലൻ ഗോസ്വാമി ഇംഗ്ലണ്ടിൽ തന്‍റെ വിടവാങ്ങൽ പരമ്പര കളിക്കുകയാണ്. മൂന്ന് മത്സര പരമ്പരയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുകയാണ് വെറ്ററൻ പേസർ. ഇന്ത്യയ്‌ക്കായി 250ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച 39കാരിയെ അസാധാരണ താരമെന്ന് വിശേഷിപ്പിച്ച് ആദരവര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഒരുമിച്ച് ചിലവഴിച്ച ഓര്‍മ്മകളും രോഹിത് പങ്കുവെച്ചു.
ഓസീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്തിന്‍റെ പ്രതികരണം. "ഞങ്ങള്‍ ഒരുമിച്ച് കൂടുതല്‍ സമയം ചിലവഴിച്ചിട്ടില്ല. പരിക്കേറ്റതിനെ തുടര്‍ന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഞാനുണ്ടായിരുന്ന സമയത്ത് ജുലനുമുണ്ടായിരുന്നു. അവര്‍ എനിക്കെതിരെ പന്തെറിഞ്ഞു. അവരുടെ ഇൻസ്വിങ്ങറുകള്‍ വെല്ലുവിളിയായിരുന്നു". രോഹിത് പറഞ്ഞു.
"രാജ്യത്തിന് വേണ്ടി ചെയ്‌ത കാര്യങ്ങള്‍ നോക്കുമ്പോള്‍, അവര്‍ ഇന്ത്യയുടെ ശക്തരായ കായിക താരങ്ങളില്‍ ഒരാളാണെന്ന് ഞാൻ കരുതുന്നു. മത്സരം കണ്ടപ്പോഴെല്ലാം, അവര്‍ എല്ലായെപ്പോഴും രാജ്യത്തോട് വളരെയധികം അഭിനിവേശം പ്രകടിപ്പിച്ചിട്ടുണ്ട്. വനിത ക്രിക്കറ്റായാലും പുരുഷ ക്രിക്കറ്റായാലും രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച പാഠമാണവര്‍.
അവര്‍ക്ക് എത്ര വയസ്സുണ്ടെന്ന് എനിക്കറിയില്ല. ഈ പ്രായത്തിലും, ഇത്രയും കഠിനമായി ഓടുകയും എതിരാളികള്‍ക്ക് വെല്ലുവിളിയാവുകയും ചെയ്യുന്നു. ഗെയിമിനോടുള്ള അവരുടെ അഭിനിവേശത്തെക്കുറിച്ചാണ് ഇത് നിങ്ങളോട് പറയുന്നത്.
അവരുടെ ഭാവിക്ക് ആശംസകൾ നേരാൻ മാത്രമേ എനിക്ക് കഴിയൂ. എല്ലായെപ്പോഴും ഇതുപോലൊരു താരത്തെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ഒരു തലമുറയില്‍ അവരെ പോലെ ഒരു താരം മാത്രമേയുണ്ടാവൂ" രോഹിത് ശര്‍മ പറഞ്ഞു.
also read: വീണ്ടും ഇളം നീല നിറത്തിലേക്ക്; ടി20 ലോകകപ്പിനായുള്ള ജേഴ്‌സി പുറത്തിറക്കി ഇന്ത്യൻ ടീം