മുംബൈ : ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ ഉന്നതിയിലേക്ക് നയിച്ച നായകരുടെ പട്ടികയില്‍ വിരാട് കോലിക്ക് മുന്നില്‍ തന്നെ സ്ഥാനമുണ്ടാവുമെന്നുറപ്പാണ്. വിരാട് കോലിയുടെ കാലത്താണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ആക്രമണാത്മക ക്രിക്കറ്റ് ബ്രാൻഡ് വികസിപ്പിച്ചെടുക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്‌ക്ക് ഒരു ടെസ്റ്റ് പരമ്പര തേടിത്തന്ന നായകന്‍ കൂടിയാണ് കോലി.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ താരത്തിന്‍റെ മുന്‍ഗാമികള്‍ക്ക് ഒന്നും തന്നെ കഴിയാത്ത നേട്ടമാണിത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാനും കോലിക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് 34കാരന്‍ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നത്.
പടിയിറക്കം വിവാദങ്ങളുടെ ബാക്കിപത്രം : 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം അവസാനിച്ചത് ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നുമുള്ള കോലിയുടെ പുറത്താവലോടെയാണ്.
ഇതിന്‍റെ ബാക്കി പത്രമെന്നോണമാണ് ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തുനിന്നും കോലിയുടെ പടിയിറക്കമുണ്ടായത്. പിന്നാലെയാണ് രോഹിത് ശര്‍മ ടീമിന്‍റെ ചുമതലയിലെത്തുന്നത്. നിലവില്‍ രോഹിത്തിന് കീഴിലും ഇന്ത്യ മിന്നും പ്രകടനം തുടരുകയാണ്.
ഇതിനിടെ പലപ്പോഴായി രോഹിത്തും കോലിയും തമ്മില്‍ ഭിന്നതയിലാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഇരു താരങ്ങളും അതൊക്കെ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഏറെ നിരാശ പകരുന്നതാണ് രോഹിത്തിന്‍റെ വാക്കുകള്‍. കാരണം തന്‍റെ ക്യാപ്റ്റന്‍സി മെച്ചപ്പെടുത്തിയതിന്‍റെ ക്രെഡിറ്റ് കോലിക്ക് നല്‍കിയിരിക്കുകയാണ് രോഹിത്.
ക്രെഡിറ്റ് കോലിക്ക് : തന്‍റെ ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താനാവുന്ന ചില കാര്യങ്ങള്‍ താന്‍ കോലിയില്‍ നിന്നാണ് പഠിച്ചതെന്നാണ് രോഹിത് തുറന്ന് പറഞ്ഞത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് രോഹിത്തിന്‍റെ വാക്കുകള്‍.
'ഞാൻ ഒരു കളിക്കാരന്‍ മാത്രമായിരുന്നപ്പോള്‍ വിരാടായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു, നമുക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും എതിരാളികള്‍ പിഴവ് വരുത്താനുള്ള സമ്മര്‍ദം ഉണ്ടാക്കേണ്ടതുണ്ട്. അത് ഞാന്‍ കോലിയില്‍ നിന്നും പഠിച്ച കാര്യമാണ്.
അതാണ് ഞാൻ ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത്. ആ സമ്മർദം ചെലുത്തിക്കൊണ്ടേയിരിക്കുക. ഓരോ പന്തിലും വിക്കറ്റ് പ്രതീക്ഷിക്കരുത്. ശരിയായ സ്ഥലങ്ങളിൽ പന്തെറിയുന്നത് തുടരുക' - രോഹിത് പറഞ്ഞു.
നാഗ്‌പൂരില്‍ വമ്പന്‍ വിജയം : ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചിത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്തിരുന്നു. ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 91 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്. രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് വീതം നേടിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടലിന്‍റെ നട്ടെല്ലായത്. നാല് മത്സര പരമ്പരയിലെ അടുത്ത കളി ഫെബ്രുവരി 17 മുതല്‍ 21വരെ ഡൽഹിയിലാണ്.