ഏകദിന ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്ക് പരമാവധി പത്ത് ഓവറുകളാണ് എറിയാന്‍ സാധിക്കുന്നത്. സാധാരണയായി ആദ്യ പവര്‍ പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമായിരിക്കും ഓരോ ക്യാപ്‌റ്റന്‍മാരും അവരുടെ ബൗളറെ ഉപയോഗിക്കുന്നത്. അതില്‍ തന്നെ ഒരു സ്‌പെല്ലില്‍ 4-5 ഓവറുകളായിരിക്കും ആ ബൗളറിന് എറിയേണ്ടിവരിക.
എന്നാല്‍, ഏഷ്യ കപ്പ് ഫൈനലില്‍ (Asia Cup Final 2023) ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) തുടര്‍ച്ചയായി ഏഴ് ഓവറുകളായിരുന്നു പേസര്‍ മുഹമ്മദ് സിറാജിന് (Mohammed Siraj) നല്‍കിയത്. ഈ ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടാനും സിറാജിന് സാധിച്ചിരുന്നു. സിറാജിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം സമ്മാനിച്ചതും.
ആദ്യ ഓവര്‍ മെയ്‌ഡന്‍ ആക്കിക്കൊണ്ടായിരുന്നു സിറാജ് തന്‍റെ ഇന്നിങ്‌സ് ആരംഭിച്ചത്. തുടര്‍ന്ന് രണ്ടാമത് പന്തെറിഞ്ഞ ഓവറില്‍ നാല് വിക്കറ്റ് നേടി ശ്രീലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ സിറാജിന് സാധിച്ചു. പിന്നാലെ ലങ്കന്‍ നായകന്‍ ദസുൻ ഷനകയേയും കുശാല്‍ മെന്‍ഡിസിനെയും മടക്കിയാണ് സിറാജ് വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്.
മത്സരശേഷം സംസാരിക്കവെ സിറാജിനെക്കൊണ്ട് ശേഷിക്കുന്ന ഓവറുകളും എറിയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) അഭിപ്രായപ്പെട്ടു. എന്നാല്‍, പരിശീലകന്‍റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ആ തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി (Rohit Sharma On Mohammed Siraj's Bowling).
'ആ ഒരൊറ്റ സ്‌പെല്ലില്‍ മാത്രം സിറാജ് ഏഴ് ഓവറാണ് പന്തെറിഞ്ഞത്. ഒറ്റ സ്‌പെല്ലില്‍ ഏഴ് ഓവര്‍ പന്തെറിയുക എന്നത് വളരെ വലിയ കാര്യമാണ്. അവനെക്കൊണ്ട് ശേഷിക്കുന്ന ഓവറുകളും എറിയിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം.
എന്നാല്‍, സിറാജിനെ ഇനിയും ഉപയോഗിക്കരുതെന്ന ട്രെയിനറിന്‍റെ നിര്‍ദേശം കളിക്കിടെ എനിക്ക് ലഭിച്ചു. ഇത്ര മികച്ചൊരു പ്രകടനം നടത്തുന്ന സമയത്ത് വീണ്ടും പന്തെറിയാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അവന്‍ തീര്‍ത്തും നിരാശനായിരുന്നു. അവിടെയായിരുന്നു എനിക്കെന്‍റെ ജോലി കൃത്യമായി ചെയ്യേണ്ടിയിരുന്നത്' - പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ സംസാരിക്കവെ രോഹിത് ശര്‍മ പറഞ്ഞു (Rohit Sharma About Mohammed Siraj Spell).
മുഹമ്മദ് സിറാജിന്‍റെ മിന്നലാട്ടം കണ്ട ഏഷ്യ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ 10 വിക്കറ്റിന്‍റെ അനായാസ ജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം 6.1 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു (India vs Sri Lanka Result).