ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ ( ICC ODI Rankings) കുതിപ്പുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന രോഹിത് നിലവില്‍ ആറാം റാങ്കിലാണുള്ളത് (Rohit Sharma ICC Ranking). ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും എതിരായ മിന്നും പ്രകടനമാണ് ഹിറ്റ്‌മാന് തുണയായത്.
അഫ്‌ഗാനിസ്ഥാനെതിരെ 84 പന്തുകളില്‍ 131 റണ്‍സടിച്ച് കൂട്ടിയ രോഹിത് പാകിസ്ഥാനെതിരെ 63 പന്തുകളില്‍ 86 റണ്‍സായിരുന്നു നേടിയിരുന്നത്. രണ്ടാം സ്ഥാനത്തുള്ള ശുഭ്‌മാന്‍ ഗില്ലും (Shubman Gill ICC ODI Ranking) ഒമ്പതാം റാങ്കിലുള്ള വിരാട് കോലിയുമാണ് (Virat Kohli ICC ODI Ranking) ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ഇതാദ്യമായാണ് റാങ്കിങ്ങില്‍ രോഹിത് വിരാട് കോലിയെ മറികടക്കുന്നത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ ക്വിന്‍റൺ ഡി കോക്കും നേട്ടമുണ്ടാക്കി. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളോടെ (ശ്രീലങ്കയ്‌ക്കെതിരെ 100, ഓസ്‌ട്രേലിയയ്‌ക്കെതിരെ 109) മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം നിലവില്‍ മൂന്നാമതാണ്.
അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് (19 സ്ഥാനങ്ങൾ ഉയർന്ന് 18-ാം റാങ്കില്‍), നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് (16 സ്ഥാനങ്ങൾ ഉയര്‍ന്ന് 27-ാം റാങ്കില്‍) എന്നിവരും നേട്ടമുണ്ടാക്കി. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് തലപ്പത്ത്. 836 റേങ്ങിങ് പോയിന്‍റുള്ള ബാബറുമായി ഗില്ലിന് 18 റേറ്റിങ് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണുള്ളത്. ഡെങ്കിപ്പനി ബാധിതനായതിനെ തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ ശുഭ്‌മാന്‍ ഗില്ലിന് നഷ്‌ടമായിരുന്നു.
ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് 660 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ പ്രകടനത്തിലൂടെ ജോഷ് ഹെയ്‌സല്‍വുഡുമായുള്ള റേറ്റിങ് പോയിന്‍റ് വ്യത്യാസം ഒന്നിലേക്ക് ചുരുക്കാന്‍ രണ്ടാം സ്ഥാനത്തുള്ള വെറ്ററൻ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിന് കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ 45 റണ്‍സ് മാത്രം വഴങ്ങിയ ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.
656 റേറ്റിങ് പോയിന്‍റുമായി ഇന്ത്യയുടെ മുഹമ്മദ് സിറാജാണ് മൂന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒമ്പതാം റാങ്കിലുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് പട്ടികയിലെ ഏക ഇന്ത്യന്‍ താരം.