ഹൈദരാബാദ്: ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്നത്. 2007ലെ പ്രഥമ പതിപ്പില്‍ തന്നെ കുട്ടിക്രിക്കറ്റിന്‍റെ രാജക്കാന്മാരാവാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.
എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഒരേയൊരു കിരീടമാണിത്. 2014ല്‍ ഫൈനലിലെത്തിയിരുന്നുവെങ്കിലും അന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ മറ്റൊരു കിരീടം സ്വപ്‌നം കാണുന്നുണ്ടെന്ന് തീര്‍ച്ച.
രോഹിതും ഷാകിബും മാത്രം: രോഹിത്തിനെ സംബന്ധിച്ച് ഏറെ പരിചിതമായ ടൂര്‍ണമെന്‍റാണിത്. പ്രഥമ ടി20 ലോകകപ്പ് മുതല്‍ അരങ്ങേറിയ എല്ലാ പതിപ്പിലും രോഹിത് ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. രോഹിത്തിനെ കൂടാതെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനും ഇതേവരെ നടന്ന ടി20 ലോകകപ്പിന്‍റെ എല്ലാ പതിപ്പിലും ഭാഗമായിട്ടുണ്ട്.
ഇന്ത്യ മുന്നില്‍: ഓസ്‌ട്രേലിയയിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെ ഇന്ത്യയ്‌ക്ക് സ്ഥാനമുണ്ട്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികവിനൊപ്പം വിരാട് കോലിയടക്കമുള്ള താരങ്ങളുടെ മിന്നുന്ന ഫോമാണ് ഇന്ത്യയ്‌ക്ക് സാധ്യത നല്‍കുന്നത്. അന്താരാഷ്‌ട്ര ടി20 ക്യാപ്റ്റന്‍സിയില്‍ ഉയര്‍ന്ന വിജയ ശതമാനമുള്ള നായകനാണ് രോഹിത്.
ഇതേവരെ 39 മത്സരങ്ങളില്‍ രോഹിത്തിന് കീഴിലിറങ്ങിയ ഇന്ത്യ 31 എണ്ണത്തില്‍ ജയം പിടിച്ചിട്ടുണ്ട്. 79.48 ആണ് രോഹിത്തിന്‍റെ വിജയ ശതമാനം. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ നിലവില്‍ സജീവമായ ടി20 നായകന്മാരില്‍ മറ്റാര്‍ക്കും രോഹിത്തിന് ഒപ്പമെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഐപിഎല്ലിലും മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള നായകനാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണയാണ് രോഹിത് ചാമ്പ്യന്മാരാക്കിയത്. 2013, 2015, 2017, 2019, 2020 സീസണുകളിലാണ് രോഹിത്തിന് കീഴിലിറങ്ങിയ മുംബൈ കിരീടം ചൂടിയത്.
ദിനേശ് കാർത്തിക്കിനും ഓർക്കാനുണ്ട്: ഈ കണക്കുകളെല്ലാം ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മറ്റൊരു രസകരമായ കാര്യമെന്തെന്നാല്‍ ഇന്ത്യ പ്രഥമ കിരീടം നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന മറ്റൊരു താരവും ഇക്കുറി ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങുന്നുണ്ട്. 37കാരനായ ദിനേശ് കാര്‍ത്തിക്കാണ് ആ താരം.
അവസരങ്ങളില്ലാതെ കമന്‍റേറ്ററുടെ റോളിലേക്ക് ഒതുങ്ങിപ്പോകേണ്ടിയിരുന്ന താരം ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെയാണ് നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തിയത്. പ്രകടനമികവിനൊപ്പം ഭാഗ്യവും തുണച്ചാല്‍ ഓസ്‌ട്രേലിലിയിലും ഇരുവര്‍ക്കും ഇന്ത്യയ്‌ക്കായി കിരീടമുയര്‍ത്താമെന്നാണ് ആരാധകര്‍ കണക്ക് കൂട്ടുന്നത്.
ഏഷ്യ കപ്പില്‍ എന്ത് സംഭവിച്ചു?: ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ ആദ്യ ടി20 ടൂര്‍ണമെന്‍റായിരുന്നു അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ്. ടൂര്‍ണമെന്‍റില്‍ ഫൈനലിലെത്താതെ ഇന്ത്യ പുറത്തായിരുന്നു. മാന്യമായ ടോട്ടലുകള്‍ കണ്ടെത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന ബോളിങ് യൂണിറ്റിന്‍റെ പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് വഴി തുറന്നത്.
പരിക്കേറ്റ് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു. ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ബുംറ മടങ്ങിയെത്തിയത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവും. ബുംറയ്‌ക്ക് പുറമെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന ഹര്‍ഷല്‍ പട്ടേലും ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക് , ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ജസ്‌പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്‌ദീപ് സിങ്.
also read: 'ജുലന്‍റെ ഇൻസ്വിങ്ങറുകള്‍ വെല്ലുവിളിച്ചു'; അനുഭവം വെളിപ്പെടുത്തി രോഹിത് ശര്‍മ