മെൽബണ്‍: ഐസിസി ടി20 ലോകകപ്പിന്‍റെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാവുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു ഐസിസി കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് രോഹിത് ശർമയും സംഘവും ഓസ്‌ട്രേലിയയിലേക്കെത്തിയത്. ഒൻപത് വർഷമായി ഐസിസി ട്രോഫികൾ നേടാനായിട്ടില്ല എന്നത് വളരെ വലിയൊരു വെല്ലുവിളിയാണെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
വെല്ലുവിളി തന്നെ: എനിക്ക് സമ്മർദ്ദം എന്ന് പറയാൻ താൽപര്യമില്ല. പക്ഷേ ഐസിസി ടൂർണമെന്‍റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് ഞങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ഐസിസി ടൂർണമെന്‍റുകളിൽ പ്രത്യേകിച്ച് വലിയ മത്സരങ്ങളിൽ ഞങ്ങൾ ആഗ്രഹിക്കുന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
അവസരം എല്ലായ്‌പ്പോഴും വരുമെന്ന് വിശ്വസിക്കുക. ഇവിടെ ഇപ്പോൾ നന്നായി പ്രവർത്തിക്കാനുള്ള അവസരമുണ്ട്. അതെ, ഒമ്പത് വർഷമായി ഐസിസി ട്രോഫികൾ നേടാനായിട്ടില്ല എന്നത് ഒരു നിരാശാജനകമായ കാര്യം തന്നെയാണ്. 2013ലാണ് ഞങ്ങൾ അവസാനമായി ഐസിസി ട്രോഫി സ്വന്തമാക്കിയത്.
ഇപ്പോൾ ഇവിടെ മുന്നേറാൻ ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കണമെന്ന് ഞങ്ങൾക്കറിയാം. ഒരു സമയം ഒരു മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണം. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. രോഹിത് പറഞ്ഞു. അതേസമയം പ്ലേയിങ് ഇലവനിൽ ഓരോ കളിയിലും ഒന്നോ രണ്ടോ മാറ്റങ്ങൾ വരുത്തുന്നതിലും തനിക്ക് പ്രശ്‌നമില്ലെന്ന് രോഹിത് ശർമ വ്യക്‌തമാക്കി.
ചില സമയങ്ങളിൽ നമ്മുടെ കണക്കുകൂട്ടലുകളെ ആശ്രയിച്ച് നിലവിലെ ഫോമിൽ നന്നായി കളിക്കുന്ന താരത്തെ തെരഞ്ഞെടുക്കും. ഞങ്ങൾ ധാരാളം ഡേറ്റകൾ പഠിക്കുന്നുണ്ട്. എന്‍റെ പ്ലേയിങ് ഇലവനിൽ ഒരോ കളിയിലും ഒന്ന് രണ്ട് മാറ്റങ്ങൾ വരുത്തുന്നതിൽ എനിക്ക് പ്രശ്‌നമില്ല. രോഹിത് വ്യക്‌തമാക്കി.