ലണ്ടന്‍: 2024ലെ ടി20 ലോകകപ്പിന് മുന്നെ ഇന്ത്യന്‍ ടീം പരിവർത്തനത്തിന് വിധേയമാവേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍. രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കണം. യുവ താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കണമെന്നും പനേസര്‍ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പുറത്തായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മോണ്ടി പനേസറുടെ പ്രതികരണം. സെമിയിലെ ഇന്ത്യയുടെ പ്രകടനം നിരാശജനകമായിരുന്നുവെന്നും ഇംഗ്ലീഷ് താരം പറഞ്ഞു.
"രോഹിത്, ദിനേശ് കാർത്തിക്, ആർ അശ്വിൻ എന്നിവരാണ് ടി20 ഐ ക്രിക്കറ്റിനോട് വിട പറയാൻ കഴിയുന്ന മുൻനിര പേരുകൾ. ടീം മാനേജ്‌മെന്‍റ് തീർച്ചയായും ഇവരുമായി ചര്‍ച്ച നടത്തുകയും അവരുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചറിയുകയും വേണം. പുതിയ തലമുറയ്‌ക്കായി ഈ മൂന്നുപേരും വഴിമാറിക്കൊടുക്കേണ്ട സമയമാണിത്.
ടി20 വിട്ട് ടെസ്റ്റുകളിലും ഏകദിനങ്ങളിലുമാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്", പനേസര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2024ലെ ടി20 ലോകകപ്പ് നടക്കുമ്പോള്‍ 37 വയസ് തികയുന്ന രോഹിത് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിന് കഴിയുമെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ പനേസര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കോലിക്ക് പ്രായം ഒരു നമ്പർ മാത്രമാണ്. 2024ലെ ടി20 ലോകകപ്പിലും കോലിയെ കണ്ടേക്കാമെന്നും പനേസര്‍ പ്രവചിച്ചു.