പെർത്ത്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ വലിയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ഇന്ത്യയുടെ 134 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ലോകകപ്പിലെ രണ്ട് റെക്കോഡുകൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും, റണ്‍മെഷീൻ വിരാട് കോലിയും സ്വന്തമാക്കി.
ഇന്നത്തെ മത്സരത്തിൽ 12 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ലോകകപ്പിൽ 1000 റണ്‍സ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. 24 ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 1001 റണ്‍സാണ് താരത്തിന്‍റെ നിലവിലെ സമ്പാദ്യം. 12 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നെതർലൻഡിനെതിരായ മത്സരത്തിലാണ് റണ്‍വേട്ടക്കാരുടെ പട്ടികയിൽ ക്രിസ് ഗെയിലിനെ പിൻതള്ളി കോലി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
ടി20 ലോകകപ്പിൽ രണ്ട് തവണ മാൻ ഓഫ് ദി ടൂർണമെന്‍റായ ഏക താരവും കോലിയാണ്. 2014ലും (319 റൺസ്), 2016ലുമാണ് (273 റൺസ്) താരം ഈ നേട്ടം സ്വന്തമാക്കിയത്. 31 ഇന്നിങ്സുകളിൽ നിന്ന് 1016 റണ്‍സ് നേടിയിട്ടുള്ള മഹേല ജയവർധനെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 15 റണ്‍സ് കൂടി സ്വന്തമാക്കിയാൽ കോലിക്ക് ടി20 ലോകകപ്പിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാകാം.
രോഹിതും മോശമല്ല: ടി20 ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോഡാണ് ഇന്നത്തെ മത്സരത്തിലൂടെ രോഹിത് ശർമ സ്വന്തമാക്കിയത്. തന്‍റെ 36-ാം ടി20 ലോകകപ്പ് മത്സരമാണ് രോഹിത് ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചത്. ശ്രീലങ്കൻ മുൻ താരം തിലകരത്‌നെ ദിൽഷനെയാണ് രോഹിത് പിന്നിലാക്കിയത്. 34 മത്സരങ്ങൾ കളിച്ച ഷാഹിദ് അഫ്രീദിയും, ഡ്വെയ്‌ൻ ബ്രാവോയും ഷൊയ്‌ബ് അഫ്രീഡിയുമാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
2007ൽ ആരംഭിച്ച പ്രഥമ ടി20 ലോകകപ്പ് മുതൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് രോഹിത് ശർമ. 34 മത്സരങ്ങൾ കളിച്ച ഷാക്കിബ് അൽ ഹസൻ മാത്രമാണ് നിലവിൽ കളിക്കുന്ന താരങ്ങളിൽ രോഹിതിന് തൊട്ടുപിന്നിലുള്ളത്. 36 മത്സരങ്ങളിൽ നിന്ന് 919 റണ്‍സുമായി ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരിൽ നാലാം സ്ഥാനത്താണ് രോഹിത് ശർമ.