ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ബൗളിങ്ങില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഞ്ച് ബൗളര്‍മാരായിട്ടാണ് ഇന്ത്യ ഈ മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. എന്നാല്‍, മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞത് ഒന്‍പത് പേരായിരുന്നു.
വിരാട് കോലിയും ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും വീണ്ടും ബൗളിങ്ങില്‍ ഒരു കൈ നോക്കിയപ്പോള്‍ ശുഭ്‌മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും പന്തെറിയാനെത്തി. പാര്‍ട് ടൈം ബോളര്‍മാരായെത്തിയ നാല് പേരില്‍ വിരാടിനും രോഹിതിനും വിക്കറ്റ് ലഭിക്കുകയും ചെയ്‌തിരുന്നു. ഡച്ച് പടയെ 160 റണ്‍സിന് തകര്‍ത്ത ശേഷം ബൗളിങ്ങില്‍ ഇത്തരമൊരു പരീക്ഷണം നടത്താനുള്ള കാരണം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കുകയും ചെയ്‌തു.
'ഇപ്പോള്‍ ടീമില്‍ അഞ്ച് ബൗളിങ് ഓപ്‌ഷനുകള്‍ മാത്രമാണ് ഉള്ളത്. മുന്നോട്ടുള്ള യാത്രയില്‍ നമുക്ക് ഒരുപക്ഷെ കൂടുതല്‍ ബൗളിങ് ഓപ്‌ഷനുകള്‍ ആവശ്യമായി വന്നേക്കാം. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.
ബൗളിങ് നിരയില്‍ അഞ്ച് പേര്‍ മാത്രമുള്ളപ്പോള്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ആഗ്രഹമുണ്ടായിരിക്കും. ചില കാര്യങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ഇവിടെ ഞങ്ങള്‍ക്കായി 9 പേരാണ് പന്തെറിഞ്ഞത്.
പേസര്‍മാര്‍, ആവശ്യമില്ലാതിരുന്നിട്ടും വൈഡ് യോര്‍ക്കറുകള്‍ പരീക്ഷിച്ചു. എന്നാല്‍, ബൗളിങ് നിരയില്‍ ഇങ്ങനെയൊരു പരീക്ഷണം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ വ്യത്യസ്‌തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നും ഞങ്ങള്‍ കരുതിയിരുന്നു'- രോഹിത് ശര്‍മ വ്യക്തമാക്കി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ അഞ്ച് ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്തി കളിക്കാനിറങ്ങി തുടങ്ങിയത്. ആദ്യ നാല് മത്സരങ്ങളിലും പാണ്ഡ്യ ഉള്‍പ്പടെ ആറ് ബൗളിങ് ഓപ്‌ഷനുകളായിരുന്നു ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നത്. പാണ്ഡ്യയുടെ അഭാവത്തില്‍ അഞ്ച് ബൗളര്‍മാരുമായി കളിക്കാനിറങ്ങിയപ്പോഴും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു.
ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനിരിക്കെയാണ് ഇന്ത്യ ബൗളിങ്ങില്‍ പരീക്ഷണം നടത്താന്‍ മുതിര്‍ന്നത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ പാര്‍ട് ടൈം ബോളര്‍മാരായെത്തിയവരില്‍ കൂടുതല്‍ ഓവറുകള്‍ ബോള്‍ ചെയ്‌തത് വിരാട് കോലിയാണ്. മൂന്നോവര്‍ പന്തെറിഞ്ഞ മുന്‍ ഇന്ത്യന്‍ നായകന്‍ 13 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.
നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്കോട് എഡ്വേര്‍ഡ്‌സിന്‍റെ വിക്കറ്റായിരുന്നു കോലി സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ നേരത്തെ, ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായ മത്സരത്തില്‍ താരത്തിന്‍റെ ഓവര്‍ പൂര്‍ത്തിയാക്കിയത് വിരാട് കോലിയാണ്. അഞ്ച് പന്ത് മാത്രം എറിഞ്ഞ രോഹിത് ശര്‍മ 7 റണ്‍സ് വഴങ്ങിയാണ് ഡച്ച് പടയുടെ വിക്കറ്റ് സ്വന്തമാക്കിയത്.
രണ്ടോവര്‍ പന്തെറിഞ്ഞ ശുഭ്‌മാന്‍ ഗില്‍ 11 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ പാര്‍ട് ടൈം ബൗളര്‍മാരില്‍ ഡച്ച് നിരയുടെ തല്ലുകൊണ്ടത് സൂര്യകുമാര്‍ യാദവിനാണ്. 2 ഓവറില്‍ 17 റണ്‍സായിരുന്നു സൂര്യ വിട്ടുകൊടുത്തത്.