അഹമ്മദാബാദ് : ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ എന്നാണ് ഇന്ത്യൻ മുൻ ഇതിഹാസ നായകൻ എംഎസ് ധോണി അറിയപ്പെടുന്നത്. ഏത് സമ്മർദ ഘട്ടത്തിലും ഏത് ലോകോത്തര ബോളർമാരെയും അവസാന ഓവറുകളിൽ അടിച്ച് പറത്താനുള്ള കഴിവാണ് ധോണിക്ക് ഫിനിഷർ എന്ന പേര് ചാർത്തിക്കൊടുത്തത്.
അവസാന ഓവറുകളിൽ ധോണി ക്രീസിലുണ്ടെങ്കിൽ സമ്മർദം ബോളർമാർക്കാണ് എന്നാണ് ക്രിക്കറ്റ് ലോകത്ത് പൊതുവേ പറയാറ്. പല ഇന്നിങ്സുകളിലും നാം അത് കണ്ടിട്ടുള്ളതുമാണ്. ഇപ്പോൾ ധോണിക്ക് ശേഷം ഒരു ഫിനിഷറെ ഇന്ത്യക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ധോണിയുടെ പിൻഗാമിയായി ഫിനിഷർ റോളിലേക്ക് ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് രോഹിത് പറഞ്ഞത്. 'ഏകദിനത്തിൽ ഫിനിഷറുടെ പങ്ക് വളരെ പ്രധാനമാണ്, എന്നാൽ എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം ആ റോളിലേക്ക് യോഗ്യരായ ആരെയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല', രോഹിത് പറഞ്ഞു.
ALSO READ: മൈതാനത്ത് പരസ്യമായി പുകവലി ; അഫ്‌ഗാൻ താരം മുഹമ്മദ് ഷെഹ്‌സാദ് വിവാദക്കുരുക്കിൽ
ഞങ്ങൾ ഹാർദിക്കിനെ ആ സ്ഥാനത്തേക്ക് പരീക്ഷിച്ചു, ജഡേജയെ പരീക്ഷിച്ചു. എന്നാൽ ആ സ്ഥാനത്തേക്ക് കൂടുതൽ മികച്ച താരങ്ങളെ തയ്യാറാക്കേണ്ടതുണ്ട്. ഒരു ഫിനിഷറാണ് നിർണായക ഘട്ടത്തിൽ മത്സരത്തെ മാറ്റിമറിക്കുന്നത്. അതിനാൽ ഓരോ ടീമിലും ഫിനിഷറുടെ റോൾ വളരെ പ്രധാനമാണ്. രോഹിത് കൂട്ടിച്ചേർത്തു.