ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര തിരിച്ചുവരവ് നടത്തിയ ദിനേശ് കാർത്തിക്കിന്‍റെ പ്രകടനം ആവേശം നല്‍കുന്നതാണെങ്കിലും, യുവതാരം റിഷഭ് പന്തിന്‍റെ ഫോം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശങ്കയാണ്. രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങളില്ലാതെ പ്രോട്ടീസിനെതിരെ കളിക്കുന്ന ഇന്ത്യയെ നയിക്കുന്നത് റിഷഭ് പന്താണ്. സൂര്യകുമാർ യാദവിനും ഈ പരമ്പരയില്‍ ക്യാപ്റ്റനായി നിശ്‌ചയിച്ചിരുന്ന കെഎൽ രാഹുലും പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിന് ചുമതല ലഭിച്ചത്.
പ്രോട്ടീസിനെതിരെ കളിച്ച നാല് മത്സരങ്ങളില്‍ 105.6 സ്ട്രൈക്ക് റേറ്റിൽ 57 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്, വിരാട്, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് പുറമെ നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹാർദിക് പാണ്ഡ്യയും ദിനേശ് കാർത്തിക്കും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതായാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. ഇതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ പന്തിന് സ്ഥാനം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് മുൻ ക്രിക്കറ്റര്‍ വസീം ജാഫർ പറയുന്നത്.
"നിങ്ങൾ അടുത്ത ടി20 ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡികെ (ദിനേശ് കാർത്തിക്) ഒരു സംശയവുമില്ലാതെ ഇലവനിൽ തുടരുമെന്ന് ഞാൻ കരുതുന്നു. പരിക്ക് ഭേദമായാല്‍ കെഎൽ രാഹുൽ തിരിച്ചെത്തും. രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവര്‍ തീര്‍ച്ചയായുമുണ്ടാകും.
അതിനാൽ, ആ ഇലവനിൽ ഇടം നേടുന്നത് റിഷഭ് പന്തിന് ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. പന്തിനെ ഇപ്പോഴെങ്കിലും ഡികെ കവച്ചുവെച്ചുവെന്ന് ഞാൻ കരുതുന്നു. ഭാവിയെക്കുറിച്ച് എനിക്ക് പറയാൻ കഴിയില്ല, എന്നാൽ ഇപ്പോൾ നിങ്ങൾ പന്തിന് മുന്നിൽ ഡികെയെ തിരഞ്ഞെടുക്കും" ജാഫര്‍ പറഞ്ഞു.
also read: 'നല്ല താരങ്ങൾ തെറ്റുകളില്‍ നിന്നും പഠിക്കും..പക്ഷെ... അവന്‍'; നിരാശ പ്രകടിപ്പിച്ച് ഡെയ്ൽ സ്റ്റെയ്ൻ
അതേസമയം ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനങ്ങളിലുമുള്ള മികച്ച പ്രകടനം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി നടത്താന്‍ റിഷഭ് പന്തിന് സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കായി 46 ടി20 മത്സരങ്ങള്‍ കളിച്ച പന്തിന് വെറും 723 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രമുള്ള പ്രകടനത്തിന് 24ന് അടുത്ത് മാത്രമാണ് ശരാശരി.