ന്യൂഡൽഹി: ഐ.പി.എൽ രണ്ടാം പാദത്തിലെ ശേഷിക്കുന്ന മത്സരത്തിലും ഡൽഹി ക്യാപിറ്റൽസിനെ റിഷഭ് പന്ത് തന്നെ നയിക്കും. ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും പന്ത് തന്നെ നായകനായി തുടരുമെന്ന് ടീം അധികൃതർ വ്യക്‌തമാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന വൈറ്റ്‌ബോള്‍ പരമ്പരക്ക് ഇടയില്‍ ശ്രേയസ് അയ്യറിന് പരിക്കേറ്റതോടെയാണ് റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനാക്കുന്നത്. തുടർന്ന് നടന്ന ഐ.പി.എല്ലിൽ പന്തിന്‍റെ നേത്യത്വത്തിൽ മികച്ച പ്രകടനമാണ് ഡൽഹി കാഴ്‌ചവെച്ചത്.
നിലവില്‍ എട്ടുമത്സരങ്ങളില്‍ നിന്നും 12 പോയന്‍റുകള്‍ നേടിയ ടീം പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമതായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സുമാണ്.
ALSO READ: ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി ; അടിസ്ഥാനവില 2000 കോടി
സെപ്റ്റംബർ 19 മുതൽ ദുബായിലാണ് ഐപിഎൽ 14-ാം സീസണിന്‍റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒക്ടോബർ 15 നാണ് ഫൈനൽ.