മുംബൈ: ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായുള്ള സോഷ്യല്‍ മീഡിയ പോരില്‍ പുതിയ ട്വിറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. 'നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളില്‍ സമ്മര്‍ദത്തിന് അടിപ്പെടരുത്' എന്നാണ് റിഷഭ് പന്ത് ഇന്‍സ്റ്റഗ്രാമില്‍ പുതിയ സ്റ്റോറിയിട്ടത്. പേരും മറ്റ് സൂചനകളൊന്നുമില്ലെങ്കില്‍ ഉര്‍വശിയ്‌ക്കുള്ള മറുപടിയായാണ് സോഷ്യല്‍ മീഡിയ ഇതിനെ കണക്കാക്കുന്നത്.
എക്‌സ് കപ്പിള്‍ (ex- couple) എന്ന് അഭ്യൂഹങ്ങളുള്ള താരങ്ങളാണ് ഉര്‍വശിയും പന്തും. അടുത്തിടെ ഉര്‍വശി നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പോര് പുതിയ തലത്തില്‍ എത്തിയത്. തന്നെ കാണാന്‍ "ആര്‍പി" മണിക്കൂറുകളോളം ഹോട്ടല്‍ ലോബിയില്‍ കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും താന്‍ എടുത്തിരുന്നില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്.
ആരാണ് ആര്‍പി എന്ന് അവതാരകന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ നടി തയ്യാറായില്ല. ഇതിന് പിന്നാലെ ഉര്‍വശിക്ക് മറുപടിയെന്നോണം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പന്ത് രംഗത്തെത്തി. പ്രശസ്തിക്ക് വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്.
പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു പന്തിന്‍റെ സ്റ്റോറി. എന്നാല്‍ പോസ്റ്റ് ചെയ്‌ത് 10 മിനിട്ടിനുള്ളില്‍ പന്ത് ഇത് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ പന്തിന് മറുപടിയെന്നോണം ഉര്‍വശിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. 'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല' എന്നാണ് ഉര്‍വശി റൗട്ടേല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇക്കാരണത്താലാണ് പന്തിന്‍റെ ഇപ്പോഴത്തെ സ്റ്റോറിയെ സോഷ്യല്‍ മീഡിയ ഉര്‍വശിയുമായി ബന്ധിപ്പിക്കുന്നത്.