അഡ്‌ലെയ്‌ഡ് : ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ സമാപിച്ചപ്പോൾ രണ്ടിലും തോൽവി വഴങ്ങി തകർന്ന നിലയിലാണ് ഇംഗ്ലണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ആഷസ് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. അതിനിടെ രണ്ടാം മത്സരത്തിലെ തോൽവിക്ക് ബോളർമാരെ പഴിച്ച നായകൻ ജോ റൂട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്.
ആഷസ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതിന് പിന്നാലെയായിരുന്നു ബോളർമാരെ വിമർശിച്ചുകൊണ്ട് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് രംഗത്തെത്തിയത്. ഫുൾ ലെങ്തിൽ തുടർച്ചയായി ബോൾ ചെയ്യുന്നതിൽ ഇംഗ്ലീഷ് ബോളർമാർ പിഴവ് വരുത്തി എന്നായിരുന്നു റൂട്ടിന്‍റെ വിമർശനം. കൂടാതെ ഒന്നാം ഇന്നിങ്സിൽ ബോളർമാരുടെ പ്രകടനം തീർത്തും ദയനീയമായിപ്പോയെന്നും റൂട്ട് വിമർശിച്ചു. ഇതിനെതിരെയാണ് പ്രതികരണവുമായി പോണ്ടിങ് രംഗത്തെത്തിയത്.
റൂട്ടിന്‍റെ പ്രസ്‌താവന കേട്ടപ്പോൾ ഞെട്ടിപ്പോയി. സ്വന്തം ടീമിലെ ബോളർമാരുടെ പ്രകടനം ശരിയല്ലെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവരെ സഹായിക്കേണ്ടത് ടീമിന്‍റെ നായകനാണ്. അതിന് കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് നായകനായി അദ്ദേഹം തുടരുന്നത്. ഏത് ലങ്തിലാണ് ബോൾ ചെയ്യേണ്ടതെന്ന് ബോളർമാരോട് പറഞ്ഞ് തിരുത്തേണ്ടത് ക്യാപ്റ്റനല്ലേ? പോണ്ടിങ് ചോദിച്ചു.
ALSO READ: Ashes Test | അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ട് വീണു ; ആഷസ് രണ്ടാം ടെസ്റ്റിൽ മിന്നും വിജയവുമായി ഓസീസ്
ഒരു പക്ഷേ ക്യാപ്‌റ്റന്‍റെ നിർദേശത്തെ മാനിക്കാത്ത ബോളർമാർ ഉണ്ടെങ്കിൽ അവരെ മാറ്റി നിർത്തി മറ്റ് താരങ്ങളെ പന്തേൽപ്പിക്കണമായിരുന്നു. അല്ലെങ്കിൽ ക്യാപ്‌റ്റനെന്ന അധികാരം ഉപയോഗിച്ച് ബോളർമാർക്ക് കൃത്യമായ നിർദേശം നൽകി അവരെക്കൊണ്ട് അത് ചെയ്യിക്കുക. അതിനെയാണ് ക്യാപ്‌റ്റൻസി എന്ന് വിളിക്കുന്നത്, പോണ്ടിങ് കൂട്ടിച്ചേർത്തു.