ഗുവാഹത്തി: രഞ്‌ജി ട്രോഫി (Renji Trophy 2024 ) ക്രിക്കറ്റില്‍ ആസമിനെതിരെ കേരളത്തിന് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. സച്ചിന്‍ ബേബിയുടെ മിന്നും സെഞ്ചുറിയുടെ കരുത്തില്‍ 419 റണ്‍സാണ് കേരളം നേടിയത്. (Renji Trophy 2024 Kerala vs Assam Score Updates). 148 പന്തില്‍ 131 റണ്‍സാണ് സച്ചിന്‍ ബേബി (Sachin Baby) അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ രോഹിന്‍ കുന്നുമ്മല്‍ (95 പന്തില്‍ 83), കൃഷ്‌ണ പ്രസാദ് (202 പന്തില്‍ 80), രോഹിന്‍ പ്രേം (116 പന്തില്‍ 50) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവും ടീമിന് കരുത്തായി. ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മലിന്‍റെ വിക്കറ്റ് ആദ്യ ദിനം കേരളത്തിന് നഷ്‌ടമായിരുന്നു.
ALSO READ: "ഗാലറി ഞങ്ങള്‍ക്ക് എതിരായിരുന്നു"; ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തെ കുറിച്ച് മിക്കി ആര്‍തര്‍
ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 141 റണ്‍സ് എന്ന നിലയിലായിരുന്നു മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് കേരളം തങ്ങളുടെ ബാറ്റിങ് പുനരാരംഭിച്ചത്. 52 റണ്‍സുമായി കൃഷ്ണപ്രസാദും നാല് റണ്‍സുമായി രോഹന്‍ പ്രേമുമായിരുന്നു കഴിഞ്ഞ ദിവസം പുറത്താവാതെ നിന്നത്. ഇന്ന് ഇരുവരും മികച്ച രീതിയിലാണ് കേരളത്തെ മുന്നോട്ട് നയിച്ചത്.
ALSO READ: സൈനികനാകേണ്ട ധ്രുവ് ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍, ക്രിക്കറ്റിനെ സ്‌നേഹിച്ച ജുറെല്‍
ടീം സ്‌കോര്‍ സ്കോര്‍ 217 റണ്‍സില്‍ നില്‍ക്കെ രോഹന്‍ പ്രേമിനെ വീഴ്‌ത്തിയാണ് അസം ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ കൃഷ്ണ പ്രസാദിനേയും മടക്കാന്‍ അസമിന് കഴിഞ്ഞു. പിന്നീട് സച്ചിന്‍ ബേബി ഒരറ്റത്ത് നങ്കൂരമിട്ടെങ്കിലും വിഷ്ണു വിനോദ് (36 പന്തില്‍ 19), അക്ഷയ് ചന്ദ്രന്‍ (2 പന്തില്‍ 0), ശ്രേയസ് ഗോപാല്‍ (26 പന്തില്‍ 18), ജലജ് സക്സേന (6 പന്തില്‍ 1) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതെ വന്നതോടെ കേരളം പ്രതിരോധത്തിലായി.
ALSO READ: ഇന്ത്യ തേടിക്കൊണ്ടിരുന്ന പേസ് ഓള്‍റൗണ്ടര്‍ ; ശിവം ദുബെയെ പുകഴ്‌ത്തി ഹര്‍ഭജന്‍
എന്നാല്‍ വാലറ്റക്കാരായ ബേസില്‍ തമ്പി (25 പന്തില്‍ 16), എം ഡി നിധീഷ് (25 പന്തില്‍ 12) എന്നവരെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ സച്ചിന്‍ കേരളത്തിനെ 400 കടത്തുകയായിരുന്നു. 16 ബൗണ്ടറികളും അഞ്ച് സിക്‌സറും നേടിയ സച്ചിന്‍ ബേബി പത്താം വിക്കറ്റായാണ് തിരിച്ച് കയറിയത്. വിശ്വേശർ എ സുരേഷ് (2 പന്തില്‍ 0) പുറത്താവാതെ നിന്നു. അസമിനായി രാഹുല്‍ സിങ്, മുക്താര്‍ ഹൊസൈന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. സിദ്ധാര്‍ത്ഥ് ശര്‍മയ്‌ക്ക് രണ്ട് വിക്കറ്റുണ്ട്.
ALSO READ: 'ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ല'; പാകിസ്ഥാനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഗില്‍ക്രിസ്റ്റ്