ട്രിനിഡാഡ്: നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ അഹങ്കാരികളാണെന്ന ഇതിഹാസ താരം കപില്‍ ദേവിന്‍റെ (Kapil Dev) പരാമര്‍ശത്തില്‍ തിരിച്ചടിച്ച് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja). രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കുമ്പോള്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. രാജ്യത്തിനായി കളിക്കുമ്പോള്‍ ഓരോ താരവും തന്‍റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ജഡേജ അഭിപ്രായപ്പെട്ടു.
അടുത്തിടെ ദി വീക്ക് (The Week) മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് താരങ്ങളെ വിമര്‍ശിച്ചത്. താരങ്ങള്‍ക്ക് എല്ലാം അറിയാമെന്ന ഭാവമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, ചെറിയ പരിക്ക് ഉണ്ടെങ്കില്‍പ്പോലും താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുമെന്നും എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ ആരും ഇന്ത്യയ്‌ക്കായി കളിക്കാന്‍ തയ്യാറാകാറില്ലെന്നും കപില്‍ ദേവ് പറഞ്ഞിരുന്നു. ഇതിലാണ് രവീന്ദ്ര ജഡേജയുടെ പ്രതികരണം.
'എപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ ഒരുപാട് തിരയുന്ന ആളൊന്നുമല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്.എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ആസ്വദിച്ചുകൊണ്ടാണ് പലരും കളിക്കുന്നത്. അത്ര എളുപ്പത്തില്‍ അല്ല എല്ലാവര്‍ക്കും ടീമില്‍ സ്ഥാനം ലഭിക്കുന്നത്.
അതുകൊണ്ട് തന്നെ, ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ഓരോ താരങ്ങളും ശ്രമിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ പ്രകടനത്തിന്‍റെ 100 ശതമാനവും നല്‍കി ടീമിനെ ജയിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യ, തോല്‍ക്കുമ്പോള്‍ മാത്രമാണ് പലരും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. നമ്മുടെ താരങ്ങള്‍ ആരും അഹങ്കാരികളല്ല. എല്ലാവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണ്. വ്യക്തിപരമായ അജണ്ടകളൊന്നുമില്ലാതെയാണ് എല്ലാവരും രാജ്യത്തിനായി കളിക്കുന്നത്' - വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ രവീന്ദ്ര ജഡേജ പറഞ്ഞു.
അതേസമയം, ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അവസാന ഏകദിനം ഇന്നാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വമ്പന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ബാറ്റിങ്ങ് ഓര്‍ഡര്‍ മൊത്തത്തില്‍ പൊളിച്ചെഴുതിയ ഒന്നാം ഏകദിനത്തില്‍ കഷ്‌ടിച്ച് രക്ഷപ്പെട്ട ഇന്ത്യ 5 വിക്കറ്റിന്‍റെ ജയം നേടി. എന്നാല്‍, രോഹിത്, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച രണ്ടാം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.