ചെന്നൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പർ കിങ്‌സും (സിഎസ്‌കെ) മുൻ ക്യാപ്‌റ്റൻ രവീന്ദ്ര ജഡേജയും തമ്മില്‍ അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ടീമുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അടുത്തിടെ താരം നീക്കിയതോടെ അഭ്യൂഹങ്ങള്‍ക്ക് ബലം വച്ചു.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അടുത്ത സീസണില്‍ താരം ചെന്നൈയ്‌ക്കായി കളിക്കില്ലെന്ന് ഉറപ്പിക്കുന്നതാണ്. ചെന്നൈയുമായുള്ള ബന്ധം ഉപേക്ഷിച്ച് അടുത്ത ലേലത്തില്‍ താരം സ്വന്തമായി രജിസ്റ്റര്‍ ചെയ്യുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിന് ശേഷം സിഎസ്‌കെയും ജഡേജയും ഓൺലൈനായോ, ഓഫ്‌ലൈനായോ യാതൊരു ബന്ധവുമില്ല. ട്രേഡിങ് ഓഫറുകള്‍ക്കായി ജഡേജയുടെ മാനേജര്‍മാര്‍ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ സീസണിലാണ് ജഡേജയെ ക്യാപ്‌റ്റനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വികളില്‍ വലഞ്ഞതോടെ ജഡേജയ്‌ക്ക് സ്ഥാനം നഷ്‌ടമാവുകയും ധോണി നായകനായി തിരിച്ചെത്തുകയും ചെയ്‌തു. സീസണില്‍ വ്യക്തിഗതമായും തിളങ്ങാനാവാത്ത ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് നേടാനായത്.
നേരത്തെ ജഡേജയും ചെന്നൈയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്‌പരം അൺഫോളോ ചെയ്‌തിരുന്നു. എന്നാല്‍ അടുത്തിടെ ജഡേജയുടെ ചിത്രം സിഎസ്‌കെ ട്വിറ്ററില്‍ പങ്കുവച്ചത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. വിന്‍ഡീസ് പര്യടനത്തിനിടെ ഇതിഹാസ താരം ബ്രയാൻ ലാറയോടൊപ്പമുള്ള ജഡേജയുടെ ചിത്രമായിരുന്നു ചെന്നൈ ട്വീറ്റ് ചെയ്‌തത്.