ന്യൂഡൽഹി: ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവിശാസ്‌ത്രി. ഓസ്‌ട്രേലിയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റിൽ ഓസീസ് ബോളർമാർക്കെതിരെ ഏറ്റവുമധികം ഭീഷണിയുയർത്താൻ പോന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസണെന്നും രവി ശാസ്‌ത്രി പറഞ്ഞു.
ടി 20 മത്സരങ്ങളിൽ ഷോട്ട് ലെങ്ത് ബോളുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. രാഹുൽ ത്രിപാഠി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യർ എന്നിവർ തമ്മിൽ ടീമിൽ ഇടം നേടാൻ മത്സരിച്ചേക്കാം. പക്ഷേ ഓസ്‌ട്രേലിയയിലെ വിക്കറ്റുകളിൽ ബൗണ്‍സും പേസുമുണ്ട്. മികച്ച ഷോട്ടുകളുമായി അത്തരം വിക്കറ്റുകളിൽ നിറഞ്ഞ് നിൽക്കാൻ സഞ്ജുവിന് സാധിക്കും. ഏറ്റവുമധികം ഷോട്ടുകൾ കൈവശമുള്ള താരമാണ് സഞ്ജു, രവിശാസ്ത്രി പറഞ്ഞു.
ഐപിഎല്ലിൽ വലിയ ഇന്നിങ്സുകൾ നേടാൻ സാധിച്ചില്ലെങ്കിലും സഞ്ജുവിൽ നിന്ന് ഒട്ടേറെ മാച്ച് വിന്നിങ്സ് ഇന്നിങ്സുകൾ പിറന്നിരുന്നു. 20-30 റണ്‍സുകൾക്കിടയിലാണ് മിക്ക മത്സരങ്ങളിലും സഞ്ജു പുറത്തായത്. എങ്കിലും 17 മത്സരങ്ങളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറിയുടെ മികവിൽ 458 റണ്‍സ് നേടാൻ സഞ്ജുവിനായിരുന്നു.
ഇന്ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് ഇടം നൽകാത്തതും വലിയ വിവാദമായിരുന്നു. ഐപിഎല്ലിൽ മോശം ഫോമിൽ ബാറ്റ് വീശിയ ഇഷാൻ കിഷനെ ടീമിലെടുത്ത് സഞ്ജുവിനെ തഴഞ്ഞതിൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിനൊപ്പം നടക്കുന്ന അയർലൻഡ് പര്യടനത്തിൽ സഞ്ജുവിന് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ.