ന്യൂഡൽഹി : ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോയ ഇന്ത്യൻ ടീം താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ബാറ്റർമാരുടെ സംഘമാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രി. ടി20 ക്രിക്കറ്റിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര മികച്ച ലൈനപ്പാണ് ഇന്ത്യൻ ടീമിന്‍റേതെന്നും ഈ ലോകകപ്പിന് ശേഷം പുതുയൊരു ടീമിനെ കാണാൻ കഴിയുമെന്നും രവി ശാസ്‌ത്രി പറഞ്ഞു.
'കഴിഞ്ഞ ആറ്-ഏഴ് വർഷമായി ഞാൻ ഈ സിസ്റ്റത്തിന്‍റെ ഭാഗമാണ്. ആദ്യം ഒരു പരിശീലകനെന്ന നിലയിൽ, ഇപ്പോൾ ഞാൻ പുറത്തുനിന്ന് വീക്ഷിക്കുന്നു. ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര മികച്ച ലൈനപ്പ് ഇതാണെന്ന് ഞാൻ കരുതുന്നു. മികച്ച ബോളർമാരുടെ അഭാവത്തിലും ബാറ്റർമാർക്ക് ടീമിനെ സെമി കടത്താൻ സാധിക്കും. ഈ ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് ഒരു പുതിയ ടീം ഉണ്ടാകും' - രവി ശാസ്‌ത്രി പറഞ്ഞു.
'സൂര്യകുമാർ യാദവ് 4-ാം നമ്പരിലും, ഹാർദിക് പാണ്ഡ്യ 5-ാം നമ്പരിലും ഋഷഭ് പന്തോ, ദിനേഷ് കാർത്തിക്കോ 6-ാം നമ്പരിലും ബാറ്റിങ്ങിനിറങ്ങുന്നത് ടീം സ്‌കോറിൽ മികച്ച വ്യത്യാസം വരുത്തുന്നു. ഇതിലൂടെ ടോപ് ഓർഡർ ബാറ്റർമാർക്ക് അവരുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ സാധിക്കുന്നു' - രവി ശാസ്‌ത്രി പറഞ്ഞു. അതേസമയം ഇന്ത്യൻ ടീം ഫീൽഡിങ്ങിൽ ശ്രദ്ധ ചെലുത്തണമെന്നും ശാസ്‌ത്രി ആവശ്യപ്പെട്ടു.
'ഇന്ത്യ ആദ്യം മുതൽ ആരംഭിക്കേണ്ട ഒരു മേഖല ഫീൽഡിംഗ് ആണ്. പാകിസ്ഥാനെതിരായ ആദ്യത്തെ മത്സരത്തിന് മുൻപ് കഠിനാധ്വാനം ചെയ്‌ത് മികച്ച ഫീൽഡിങ് തന്നെ കാഴ്‌ചവയ്‌ക്കണം. സേവ് ചെയ്യുന്ന 15-20 റണ്‍സ് മത്സരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. അല്ലാത്ത പക്ഷം ഓരോ തവണ ബാറ്റിങ്ങിനിറങ്ങുമ്പോഴും 15-20 റണ്‍സ് അധികമായി നേടേണ്ടതായി വരും' - ശാസ്‌ത്രി വ്യക്‌തമാക്കി.
ഒക്‌ടോബർ 16ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ 23നാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി. ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും എതിരായി കളിച്ച ടി20 പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ മത്സരിക്കുന്നത്.