കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റും ക്രിക്കറ്റ് ബോര്‍ഡും എപ്പോഴും വിവാദങ്ങളുടെ ചുഴിയിലാണ്. റമീസ് രാജയ്‌ക്ക് പകരം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് നജാം സേത്തി എത്തിയതോടെ ഇതിനൊരു അറുതിയാവുമെന്ന് ആരാധകരില്‍ ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സേത്തിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രീതികള്‍ക്കെതിരെയും രാജ്യത്തെ പല മുൻ ക്രിക്കറ്റ് താരങ്ങളും ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തുകയാണ്.
ഇപ്പോഴിതാ ബോര്‍ഡിന്‍റെ തീരുമാനങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നതാണെന്ന് ശക്തമായ ഭാഷയില്‍ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. ബാബർ അസമിനും ഷഹീൻ ഷാ അഫ്രീദിക്കും വിശ്രമം അനുവദിച്ച് അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഷദാബ് ഖാനെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ നടപടിയാണ് ലത്തീഫിനെ ചൊടിപ്പിച്ചത്.
ഇനി 'പാകിസ്ഥാന്‍ ക്രിക്കറ്റിനും അന്ത്യവിശ്രമം' കൊള്ളാമെന്നാണ് റാഷിദ് ലത്തീഫ് പറയുന്നത്. "നമ്മുടെ കളിക്കാര്‍ വളരെക്കാലമായി ഐസിസി റാങ്കിങ്ങില്‍ മുന്നിലെത്തുകയും അവാർഡുകൾ നേടുകയും ചെയ്യുന്നു. ബാബറും ഷഹീനും ഐസിസി അവാർഡുകൾ നേടി. അവർക്ക് (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) ഇത് ദഹിക്കുന്നില്ലെന്ന് തോന്നുന്നു.
ഇനി അതു സംഭവിക്കാന്‍ അനുവദിക്കില്ലെന്നും, ഞങ്ങള്‍ ഇവിടെയുള്ളത് തീരുമാനമെടുക്കാനാണെന്നുമാണ് അവര്‍ പറയുന്നത്. ഒരിക്കലും വിശ്രമം എടുക്കാത്തവരും 70-ഉം 80-ഉം വയസുള്ള വിശ്രമം ആവശ്യമുള്ളവരുമാണ് ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ വിധി നിർണയിക്കുന്നത്. ഇതോടെ പാകിസ്ഥാന്‍ ടീമിനും 'അന്ത്യവിശ്രമം കൊള്ളാം'" 54കാരനായ റാഷിദ് ലത്തീഫ് പറഞ്ഞു.
പുതിയ കളിക്കാരെ കൊണ്ടുവരുന്നതിലൂടെ ടീം കോമ്പിനേഷന്‍ നശിപ്പിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്നും റാഷിദ് ലത്തീഫ് അഭിപ്രായപ്പെട്ടു. "പുതിയ കളിക്കാരെ കൊണ്ടുവരുമ്പോൾ, ടീം കോമ്പിനേഷൻ തകർക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. തെരഞ്ഞെടുത്ത ചില പുതിയ കളിക്കാർ അഫ്‌ഗാനിസ്ഥാനിലെ പരമ്പരയിൽ മികച്ച പ്രകനം നടത്തിയേക്കാം.
ഇതോടെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിൽ കളിക്കുന്ന സീനിയർ താരങ്ങളെ അവര്‍ തിരികെ കൊണ്ടുവരുമോ. മാധ്യമങ്ങളും അവരെ സമ്മർദത്തിലാക്കും. പാകിസ്ഥാൻ ടീമിനെ തകർക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിത്", പാകിസ്ഥാന്‍ മുന്‍ നായകന്‍ വിശദീകരിച്ചു.
അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന് എതിരെ കളിക്കുന്നത്. മാര്‍ച്ച് 24നാണ് പരമ്പരയിലെ ആദ്യ മത്സരം. തുടര്‍ന്ന് 26ന് രണ്ടും 27ന് മൂന്നും ടി20കള്‍ നടക്കും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് മൂന്ന് മത്സരങ്ങള്‍ക്കും വേദിയാവുന്നത്.
അഫ്‌ഗാനിസ്ഥാനെതിരായ പാകിസ്ഥാൻ സ്‌ക്വാഡ്: ഷദാബ് ഖാൻ (ക്യാപ്റ്റന്‍), അബ്ദുല്ല ഷഫീഖ്, അസം ഖാൻ, ഫഹീം അഷ്‌റഫ്, ഇഫ്തിഖർ അഹമ്മദ്, ഇഹ്‌സാനുള്ള, ഇമദ് വസീം, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, സയിം അയൂബ്, ഷാൻ മസൂദ്, തയ്യബ് താഹിർ , സമാൻ ഖാൻ.