ലാഹോര്‍: വിരാട് കോലിയുടെ നിലവിലെ പ്രകടനങ്ങള്‍ക്ക് കാരണക്കാരന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയെന്ന് കുറ്റപ്പെടുത്തി മുന്‍ പാക് ബാറ്റര്‍ റാഷിദ് ലത്തീഫ്. ശാസ്‌ത്രിക്ക് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള യോഗ്യതയുണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്നും പാക് താരം പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ലത്തീഫിന്‍റെ വിമര്‍ശനം.
'ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ പുറത്ത് പോകേണ്ടി വന്നത് രവി ശാസ്‌ത്രി കാരണമാണ്. അനില്‍ കുംബ്ലെയെ പോലൊരാളെ മാറ്റിയാണ് ആ സ്ഥാനത്തേക്ക് ശാസ്‌ത്രി എത്തിയത്. പരിശീലകനാകാനുള്ള യോഗ്യത ശാസ്‌ത്രിക്കുണ്ടോ?, അദ്ദേഹം ഒരു കമന്‍റേറ്റര്‍ ആയിരുന്നു. പരിശീലകനായി അദ്ദേഹത്തിന് പ്രത്യേകം റോളൊന്നും ഉണ്ടായിരുന്നില്ല. ശാസ്‌ത്രിയെ പരിശീലകനാക്കാന്‍ പലരും പല നീക്കങ്ങളും നടത്തി.
അതിപ്പോള്‍ തിരിച്ചടിയാകുകയാണ്. ഇന്ത്യയുടെ പരിശീലകനായി ശാസ്‌ത്രി വന്നില്ലായിരുന്നെങ്കില്‍ കോലി ഫോം ഔട്ട് ആകില്ലായിരുന്നെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു. 2016-17 കാലഘട്ടത്തിലാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി പ്രവര്‍ത്തിച്ചത്.
അന്ന് നായകനായ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കുംബ്ലെ പരിശീലകസ്ഥാനത്ത് നിന്നും മാറിയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശാസ്‌ത്രി കോലിയുമായി അടുത്ത് പ്രവര്‍ത്തിച്ചയാളാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി-20 ലോകകപ്പിന് പിന്നാലെയാണ് രവി ശാസ്ത്രി ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്കായിരുന്നില്ല. താരത്തിന്‍റെ 71-ാം സെഞ്ച്വറിക്കായി ആരാധകര്‍ രണ്ട് വര്‍ഷത്തോളമായി കാത്തിരിപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് മത്സരത്തില്‍ കോലി സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also read: 'വിരാട് കോലി കൊവിഡ് ബാധിതനായിരുന്നു' ; ഇന്ത്യന്‍ ക്യാമ്പിൽ ആശങ്ക