കാബൂള്‍: സ്പിന്നര്‍ റാഷിദ് ഖാനെ അഫ്ഗാനിസ്ഥാന്‍റെ ടി20 ടീം ക്യാപ്റ്റനായി വീണ്ടും തെരഞ്ഞെടുത്തു. വെറ്ററൻ താരം മുഹമ്മദ് നബിക്ക് പകരമായാണ് 24കാരനായ റാഷിദിന് വീണ്ടും ചുമത നല്‍കിയത്. 2022ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ശേഷമാണ് നബി സ്ഥാനമൊഴിഞ്ഞത്.
നേരത്തെ 2021ലെ ടി20 ലോകകപ്പിന് മുന്നോടിയായി റാഷിദിനെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും ടീം സെലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു. അടുത്തവര്‍ഷം യുഎഇക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ റാഷിദ് ഖാന്‍ സ്ഥാനം ഏറ്റെടുക്കും.
"മുമ്പ് മൂന്ന് ഫോർമാറ്റുകളിലും അഫ്ഗാനെ നയിച്ച അനുഭവം റാഷിദ് ഖാനുണ്ട്. അവനെ വീണ്ടും ടി20 ക്യാപ്റ്റനായി ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും രാജ്യത്തിന് കൂടുതൽ മഹത്വം കൊണ്ടുവരുമെന്നും ഉറപ്പുണ്ട്." അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മിർവായിസ് അഷ്റഫ് പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ ടീമിന്‍റെ നായകസ്ഥാനം വലിയ ബഹുമതിയാണെന്ന് റാഷിദ് പ്രതികരിച്ചു. "ക്യാപ്റ്റന്‍സി വലിയ ഉത്തരവാദിത്തമാണ്. കഴിവും അടുപ്പവുമുള്ള ഒരുപാട് താരങ്ങള്‍ അഫ്ഗാനിസ്ഥാനുണ്ട്. ഒത്തുരമയോടെ കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.'' റാഷിദ് പറഞ്ഞു.
ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാമതുള്ള താരമാണ് റാഷിദ്. അഫ്‌ഗാനിസ്ഥാനായി 74 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 24കാരന്‍ 122 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് റണ്‍സിന് അഞ്ച് വിക്കറ്റാണ് മികച്ച പ്രകടനം.
ബാറ്റുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവാറുള്ള താരം 41 ടി20 ഇന്നിസുകളില്‍ 328 റണ്‍സാണ് നേടിയത്. ഇതില്‍ 18 തവണ താരം പുറത്തായിരുന്നില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരമാണ് റാഷിദ്.
ALSO READ: Year Ender 2022 | വിവാദങ്ങള്‍, കത്തിക്കയറിയ പ്രതിഷേധങ്ങള്‍; കായിക ലോകത്തെ അടയാളപ്പെടുത്തലുകള്‍