രാജ്‌കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തിന് മിന്നുന്ന തുടക്കം. എലൈറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനുമാണ് കേരളം തകര്‍ത്തെറിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്‌ത മേഘാലയയുടെ ഇന്നിങ്സ് 148 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടിക്കിറങ്ങിയ കേരളം ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 505 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് 357 റണ്‍സ് ഫോളോഓണ്‍ ചെയ്ത മേഘാലയ 191ന് പുറത്തായി.
നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് നേടിയ ജലജ് സക്‌സേനയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം രണ്ടും മനു കൃഷ്ണന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.
75 റണ്‍സ് നേടിയ സി.ജി ഖുറാനയാണ് മേഘാലയയുടെ ടോപ് സ്‌കോററര്‍. ദിപു 55 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല.
നേരത്തെ, പി. രാഹുല്‍ (147), രോഹന്‍ കുന്നുമ്മല്‍ (107), വത്സല്‍ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സച്ചിന്‍ ബേബിയും (56) മിന്നി.
അതേസമയം അരങ്ങേറ്റക്കാരന്‍ ഏദന്‍ ആപ്പിള്‍ ടോമാണ് ആദ്യ ഇന്നിങ്സില്‍ മേഘാലയയുടെ കഥ കഴിച്ചത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റ് വീഴ്‌ത്തി ഏദനാണ് മത്സരത്തിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
also read: ടി20യില്‍ ഏറ്റവും അധികം 50ല്‍ കൂടുതല്‍ റണ്‍സ് ; രോഹിത്തിനൊപ്പം റെക്കോഡ് പങ്കിട്ട് കോലി
90 പന്തില്‍ 93 റണ്‍സെടുത്ത ക്യാപ്റ്റന്‍ പുനിത് ബിഷ്‌ടിന് മാത്രമാണ് കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. മനു കൃഷ്ണന്‍ മൂന്നും എസ് ശ്രീശാന്ത് രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.