അഹമ്മദാബാദ്: ഐപിഎൽ 15ാം സീസണിന്‍റെ കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ക്വാളിഫയര്‍ മത്സരങ്ങള്‍ക്കിടെ മഴ മാറി നിന്നിരുന്നു.
അഹമ്മദാബാദിൽ ഇന്നും മഴയ്‌ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുവീഴ്‌ചയും മത്സരത്തെ ബാധിക്കില്ല എന്നാണ് റിപ്പോർട്ട്.
പിച്ച് റിപ്പോര്‍ട്ട്: മത്സരത്തിന് ഉപയോഗിക്കുന്ന പിച്ചിനെ ആശ്രയിച്ച് അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ഉപരിതലം വ്യത്യസ്തമായേക്കാം. ചെമ്മണ്ണിലെ പിച്ചുകൾ വേഗത്തിൽ വരണ്ടുപോകുകയും സ്പിന്നർമാരെ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ മത്സരങ്ങളെ സംബന്ധിച്ചിടത്തോളം സ്പിന്നർമാർ വേദിയിൽ മികച്ച പ്രകടനമാണ് നടത്തിയത്.
ബാറ്റര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത പിച്ചാണിത്. സ്റ്റേഡിയത്തിലെ വലിയ ബൗണ്ടറികളും ബാറ്റർമാര്‍ക്ക് വെല്ലുവിളിയാണ്. പലപ്പോഴും ചെറിയ സ്‌കോറുകള്‍ പിറന്ന മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോർ 165 റൺസാണ്. രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് 60 ശതമാനം മത്സരങ്ങളില്‍ വിജയം നേടാനായിട്ടുണ്ട്. ഐപിഎല്‍ ഫൈനലില്‍ സഞ്ജു സാംസണിന്‍റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികള്‍.
also read: IPL 2022 : ജേതാക്കളെ കാത്തിരിക്കുന്നത് കോടികൾ; കലാശപ്പോരിന് മണിക്കൂറുകൾ മാത്രം ബാക്കി
14 വർഷത്തിന് ശേഷമാണ് രാജസ്ഥാന്‍ ഐപിഎൽ ഫൈനൽ കാണുന്നത്. 2008ൽ ഷെയ്ൻ വോണിന് കീഴില്‍ രാജസ്ഥാന്‍ ആദ്യ കിരീടം നേടുമ്പോള്‍, ടീമിന്‍റെ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു. അതേസമയം ആദ്യ ഫൈനലിനാണ് ഗുജറാത്തിറങ്ങുന്നത്.