മൊഹാലി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കെഎൽ രാഹുൽ തന്നോടൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. കെഎൽ രാഹുൽ ഇന്ത്യക്കായി ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നതെന്നും അതിനാൽ ഓപ്പണിങ് സ്ഥാനത്തേക്ക് അധികം പരീക്ഷണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. വിരാട് കോലിയെ മൂന്നാം ഓപ്പണറായാണ് പരിഗണിക്കുന്നതെന്നും രോഹിത് വ്യക്‌തമാക്കി.
'കെഎൽ രാഹുൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഹുൽ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലെ രാഹുലിന്‍റെ പ്രകടനം നോക്കുകയാണെങ്കിൽ പോലും അത് വളരെ മികച്ചതാണ്. രാഹുലിന്‍റെ കഴിവ് ഞങ്ങൾക്ക് വ്യക്‌തമായി അറിയാം. അവൻ മികച്ചൊരു മാച്ച് വിന്നറാണ്. അതിനാൽ തന്നെ ഓപ്പണർ സ്ഥാനത്തേക്ക് ഞങ്ങൾക്ക് മറ്റ് ആശയക്കുഴപ്പം ഒന്നും തന്നെയില്ല', രോഹിത് പറഞ്ഞു.
ഞങ്ങൾ ഒരു ബാക്ക് അപ്പ് ഓപ്പണറെ തെരഞ്ഞെടുത്തിട്ടില്ല. മൂന്നാം ഓപ്പണറായി കോലിയെ തന്നെയാണ് പരിഗണിക്കുന്നത്. അതിനാൽ ചില കളികളിൽ കോലിക്ക് ഓപ്പണറാകേണ്ടതായി വരും. ഏഷ്യ കപ്പിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണറായുള്ള കോലിയുടെ പ്രകടനം നാം കണ്ടതാണ്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിനാൽ തന്നെ വിരാടിന് ഓപ്പണറായും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാകും, രോഹിത് കൂട്ടിച്ചേർത്തു.