മൊഹാലി : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യന്‍ നിരയില്‍ ശ്രദ്ധാകേന്ദ്രമാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). ഫോര്‍മാറ്റില്‍ ഇതേവരെ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയുടെ ലോകപ്പ് സ്‌ക്വാഡില്‍ വരെ ഇടം നേടാന്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടുണ്ട്. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്‌ജു സാംസണെ അടക്കം പുറത്തിരുത്തിയാണ് സൂര്യകുമാര്‍ യാദവിന് മാനേജ്‌മെന്‍റിന്‍റെ നിരുപാധിക പിന്തുണ. ഇതേവരെ 27 ഏകദിനങ്ങളില്‍ നിന്നും 24.41 ശരാശരിയില്‍ 537 റണ്‍സാണ് 33-കാരനായ സൂര്യകുമാര്‍ യാദവിന് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ ഓസീസിനെതിരായ മത്സരത്തിന് മുമ്പ് സൂര്യകുമാര്‍ യാദവിനുള്ള തങ്ങളുടെ പിന്തുണ ഒരിക്കല്‍ കൂടി അടിവരയിട്ടിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid backs Suryakumar Yadav for ODI World Cup 2023). കഴിഞ്ഞ 27 മത്സരങ്ങളെക്കുറിച്ച് സൂര്യകുമാര്‍ യാദവ് ആശങ്കപ്പെടേണ്ടതില്ലെന്നും താരത്തെ പിന്തുണയ്‌ക്കാനുള്ള തീരുമാനം തങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.
'കഴിഞ്ഞ 27 മത്സരങ്ങളെക്കുറിച്ച് അവന്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്. ലോകകപ്പിനായി ഞങ്ങള്‍ ഒരു ടീമിനെ തെരഞ്ഞെടുത്തിട്ടുണ്ട്. സൂര്യ അതില്‍ ഉണ്ട്. നമ്മള്‍ കണ്ടിട്ടുള്ള നിശ്ചിത ഗുണവും കഴിവും ഉള്ളതിനാൽ തന്നെ അവനെ പൂർണമായും പിന്തുണയ്ക്കാന്‍ തന്നെയാണ് തീരുമാനം(Rahul Dravid on Suryakumar Yadav) .
ആ കഴിവും ഗുണവും നമ്മള്‍ ടി20 ക്രിക്കറ്റില്‍ കണ്ടിട്ടുണ്ട്. വലിയ ഇംപാക്‌ട് ഉണ്ടാക്കാന്‍ കഴിയുന്ന ഇത്തരം ഒരു കളിക്കാരന് ആറാം നമ്പറില്‍ വലിയ പ്രധാന്യമുണ്ട്. കളിയുടെ ഗതി തന്നെ ഒറ്റയ്‌ക്ക് മാറ്റി മറിയ്‌ക്കാന്‍ കഴിയുന്ന താരമാണവന്‍.
അതിനാലാണ് അവനെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്‌ക്കുന്നത്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ വ്യക്തതയുമുണ്ട്. ഞങ്ങള്‍ അവനെ പിന്തുണയ്‌ക്കുന്നുവെന്ന കാര്യത്തിലും പൂര്‍ണ വ്യക്തതയുണ്ട്. വൈകാതെ തന്നെ തന്‍റെ മികച്ച പ്രകടനം നടത്താന്‍ അവന് കഴിയുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' -രാഹുല്‍ ദ്രാവിഡ് (Rahul Dravid) പറഞ്ഞു.
ഓസീസിനെതിരെ കഴിഞ്ഞ പരമ്പരയിലെ സൂര്യകുമാര്‍ യാദവ് ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്ന ഒന്നാകില്ല (India vs Australia). മൂന്ന് മത്സരങ്ങളിലും കളിച്ച താരം ഗോള്‍ഡന്‍ ഡക്കായാണ് തിരിച്ച് കയറിയത്. മുംബൈയിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഏതാണ്ട് സമാനമായ രീതിയില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയായിരുന്നു 33-കാരന്‍ പുറത്തായത്.
ചെന്നൈയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ആഷ്‌ടൺ ആഗറിന്‍റെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു മടക്കം. കലങ്ങിയ കണ്ണുകളുമായി ഡഗൗട്ടില്‍ ഇരിക്കുന്ന സൂര്യയുടെ ദൃശ്യം ആരാധകരുടെയും ഉള്ളുലച്ചിരുന്നു. ഇന്ന് മൊഹാലിയില്‍ സൂര്യയുടെ പ്രതികാരമുണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.