ചെന്നൈ : ഏകദിന ലോകകപ്പിന് വെറും രണ്ട് മാസങ്ങള്‍ മാത്രം ശേഷിക്കെ ടീം കോമ്പിനേഷൻ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ടീം ഇന്ത്യ. ഇതിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വമ്പന്‍ പരീക്ഷണങ്ങളാണ് മാനേജ്‌മെന്‍റ് നടത്തിയത്. ആദ്യ ഏകദിനത്തില്‍ ബാറ്റിങ് ഓഡര്‍ പൊളിച്ചടുക്കിയപ്പോള്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
ഇതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ യുവതാരങ്ങള്‍ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ വമ്പന്‍ വിജയവുമായി പ്രതീക്ഷ കാത്തു. ഇന്ത്യ കൂറ്റന്‍ വിജയം നേടിയ മത്സരത്തില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണും നിര്‍ണായക പ്രകടനം നടത്തിയിരുന്നു. നാലാം നമ്പറിൽ ബാറ്റുചെയ്യാന്‍ എത്തിയ സഞ്‌ജു സാംസണ്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്.
എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമിലെ ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ നാലില്‍ സഞ്‌ജുവിന് സ്ഥാനമില്ലെന്നാണ് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കരുതുന്നത്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ സഞ്‌ജുവിന്‍റെ റോള്‍ വ്യത്യസ്‌തമാണെന്നാണ് അശ്വിന്‍ പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ആശ്വിന്‍റെ വാക്കുകള്‍.
"വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ അര്‍ധ സെഞ്ചുറി നേടാന്‍ സഞ്‌ജു സാംസണിന് കഴിഞ്ഞിരുന്നു. എന്നാല്‍ ടി20 പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ കഴിഞ്ഞില്ല. മധ്യനിരയിലാണ് അവന് അവസരം ലഭിച്ചത്.
ഐപിഎല്ലിലേക്ക് വരുമ്പോൾ മൂന്നോ നാലോ നമ്പറിലാണ് അധികവും അവന്‍ ബാറ്റ് ചെയ്യാറുള്ളത്. ഏകദിനത്തിൽ, വളരെ മികച്ച റെക്കോഡാണ് അവനുള്ളതെന്ന് ഓര്‍ക്കണം. ഫോര്‍മാറ്റില്‍ അവന്‍റെ ബാറ്റിങ് ശരാശരിയും ഏറെ മികച്ചതാണ്.
ക്രീസില്‍ വന്ന പാടെ സ്‌പിന്നര്‍മാര്‍ക്കെതിരെ കടുത്ത ആക്രമണമാണ് അവന്‍ നടത്തിയത്. അതാണ് അവന്‍റെ പ്രത്യേകത. കഴിവും പ്രതിഭയും കണക്കിലെടുക്കുമ്പോൾ, ഏത് ഘട്ടത്തിലും കളിയുടെ ഗതി മാറ്റാൻ സഞ്ജുവിന് കഴിയുമെന്ന് നമുക്ക് അറിയാം. വളരെ മികച്ച ഒരു വ്യക്തിയാണ് സഞ്‌ജു.
നാമെല്ലാവരും അവന് നല്ലത് മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ടീം ഇന്ത്യയുടെ കാര്യത്തിൽ സഞ്ജുവിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന റോൾ വ്യത്യസ്തമാണ്. ഇന്ത്യയുടെ ആദ്യ നാലില്‍ സഞ്‌ജുവിന് സ്ഥാനമില്ല. ലോകകപ്പിനുശേഷമോ അതോ ലോകകപ്പ് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴോ അവന് അവിടെ കളിക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
നിലവില്‍ ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നും നാലും നമ്പറുകള്‍ ഒഴിവില്ല. മൂന്നാം നമ്പര്‍ വിരാട് കോലിയുടേതാണ്. ഓപ്പണര്‍മാരായി രോഹിത്തും ഗില്ലും ഉറപ്പിച്ച് കഴിഞ്ഞു. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടീമില്‍ സ്ഥാനം ഉറപ്പാണ്. ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ നമുക്ക് ആവശ്യമാണ്.
ALSO READ: Sanju Samson|'സഞ്ജുവിന് അവസരങ്ങളുണ്ട്, മുതലാക്കുന്നില്ലെന്ന്' മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
രാഹുല്‍, ശ്രേയസ് എന്നിവരില്‍ ഒരാളെ ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് നാലോ അഞ്ചോ സ്ഥാനത്ത് ഒരു ബാക്കപ്പ് ആവശ്യമാണ്. എന്നാല്‍ ഐപിഎല്ലില്‍ സഞ്‌ജു ആ റോളിലല്ല കളിക്കുന്നത്. നിലവില്‍ ഏകദിനത്തിൽ മാത്രം ചെയ്‌ത് തുടങ്ങിയ ആ റോളില്‍ അവന്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. അവനെ സംബന്ധിച്ചും ടീം ഇന്ത്യയ്ക്കും ഇതൊരു സന്തോഷവാർത്തയാണ്" - അശ്വിന്‍ പറഞ്ഞുനിര്‍ത്തി.