ചെന്നൈ: നോൺ സ്‌ട്രൈക്കർ ബാറ്ററെ ബോളര്‍ റണ്ണൗട്ടാക്കുന്നതിനെ (മങ്കാദിങ്) ഐസിസി നിയമമായി അംഗീകരിച്ചിട്ടുണ്ട്. ബോളര്‍ പന്തെറിയും മുമ്പ് ക്രീസ് വിടുന്ന ബാറ്റര്‍മാരുടെ മുതലെടുപ്പ് അവസാനിപ്പിക്കാനാണ് ഐസിസി പ്രസ്‌തുത നിയമം കൊണ്ടു വന്നത്. എന്നാല്‍ ഇതിന്‍റെ പേരില്‍ ഇന്നും രണ്ട് തട്ടിലാണ് ക്രിക്കറ്റ് ലോകം.
നോൺ സ്‌ട്രൈക്കിങ് എന്‍ഡില്‍ ബാറ്ററെ ബോളര്‍ റണ്ണൗട്ടാക്കുന്ന രീതി ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തത് ആണെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാല്‍ ഇതിന്‍റെ അനുകൂലിയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin). നാല് വർഷം മുമ്പ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ജോസ് ബട്‌ലറെ സമാന രീതിയില്‍ പുറത്താക്കിയ അശ്വിന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.
ഇതിന് പിന്നാലെ അന്താരാഷ്‌ട്ര തലത്തില്‍ ഉള്‍പ്പെടെ നിരവധി തവണ ഇത്തരം പുറത്താക്കലുണ്ടായിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ക്കോ വിമര്‍ശകര്‍ക്കോ കുറവുണ്ടായിട്ടില്ല. എന്നാല്‍ തന്‍റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് വീണ്ടും ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ് അശ്വിന്‍ (R Ashwin on non striker run out rule). ഇത്തരം പുറത്താവല്‍ ഉണ്ടാവാതിരിക്കാന്‍ ബാറ്റര്‍മാര്‍ ജാഗ്രത പുലര്‍ത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup 2023) വിരാട് കോലി (Virat Kohli), രോഹിത് ശർമ (Rohit Sharma) തുടങ്ങിയ താരങ്ങള്‍ സമാനമായ രീതിയിൽ പുറത്തായാൽ ബോളര്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നും അശ്വിൻ മുന്നറിയിപ്പ് നല്‍കി. "സാഹചര്യത്തിന് അനുസരിച്ച് തീര്‍ത്തും ന്യായമായ ഒരു പ്രവര്‍ത്തിയാണത്. ലോകകപ്പ് സെമിഫൈനലിലോ അല്ലെങ്കിൽ നിര്‍ണായകമായ ഒരു മത്സരത്തിലോ ആരെങ്കിലും കോലി, രോഹിത്, സ്മിത്ത്, റൂട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു നിർണായക ബാറ്ററെ നോൺ സ്‌ട്രൈക്കർ എന്‍ഡില്‍ റണ്ണൗട്ടാക്കി എന്ന് സങ്കൽപ്പിക്കുക.
നരകം അഴിഞ്ഞാടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോഴും ഇതിനോട് യോജിക്കാത്ത ചില വിദഗ്‌ധരും ആരാധകരും ചേർന്ന് ഒരു വ്യക്തിഹത്യ പ്രചാരണം തന്നെ നടത്തും. ഇതിന് ഒരു പരിഹാരം മാത്രമേ ഉള്ളൂ, ഏതു ബാറ്ററായാലും എന്തു സാഹചര്യമായാലും ബോളര്‍ ആക്ഷന്‍ പൂര്‍ത്തിയാക്കിയ ശേഷമേ ക്രീസ് വിടാന്‍ പാടുള്ളൂ. ബാറ്റര്‍ അത് ചെയ്യാതെ പുറത്തായാല്‍ നമ്മൾ ബോളറെ അഭിനന്ദിക്കണം. എന്നിട്ട് ഇതിലും നന്നായി കളിക്കാന്‍ ബാറ്ററോട് പറയുകയും വേണം", അശ്വിന്‍ പറഞ്ഞു.
നിലവില്‍ എല്ലാ ടീമുകളും ഇതു ചെയ്യുന്നില്ലെങ്കിലും ലോകകപ്പിലേക്ക് എത്തുമ്പോള്‍ എല്ലാ ടീമുകളും അതിന് തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. "ഇപ്പോൾ എല്ലാ ടീമുകളും ഇത് ചെയ്യുന്നില്ല, പക്ഷേ ലോകകപ്പാണ് നമ്മുടെ മുന്നിലുള്ളത്. ഞങ്ങൾ അത് ചെയ്യില്ലെന്ന് ഏതെങ്കിലും ഒരു ധാർമ്മികമായ ഒരു നിലപാട് എടുത്താല്‍, മറ്റൊരു ടീമിന് മുന്നില്‍ തന്ത്രപരമായ ഒരു അവസരമാണ് അതൊരുക്കുന്നത്. ഒരു ലോകകപ്പ് നേടുന്നത് ഒരു വലിയ നേട്ടമായതിനാൽ യഥാർഥത്തിൽ ടീമുകൾ ഓരോ നേട്ടവും പ്രയോജനപ്പെടുത്തണം"- അശ്വിന്‍ പറഞ്ഞു നിര്‍ത്തി.