ന്യൂഡല്‍ഹി : ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സ് മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്‍റെ ഇടമകളായ ബോളിവുഡ് താരം പ്രീതി സിന്‍റ, വ്യവസായികളായ മോഹിത് ബർമൻ, നെസ് വാഡിയ, കരൺ പോൾ, സിഇഒ സതീഷ് മേനോൻ എന്നിവരടങ്ങിയ ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സെപ്‌റ്റംബറിലാണ് പഞ്ചാബുമായുള്ള കുംബ്ലെയുടെ കരാര്‍ അവസാനിക്കുന്നത്.
2020 സീസണിന്‍റെ തുടക്കത്തില്‍ ചുമതലയേറ്റ കുംബ്ലെയ്‌ക്ക് ടീമിനെ മികവിലേക്ക് നയിക്കാനായിട്ടില്ലെന്ന് മാനേജ്‌മെന്‍റ് വിലയിരുത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കുംബ്ലെയ്‌ക്ക് കീഴില്‍ 42 മത്സരങ്ങള്‍ കളിച്ച പഞ്ചാബിന് 19 കളികളിൽ മാത്രമാണ് ജയിക്കാനായത്.
2020ന് ശേഷമുള്ള ഏതൊരു ഐപിഎൽ ഫ്രാഞ്ചൈസിയുടെയും ഏറ്റവും മോശമായ രണ്ടാമത്തെ വിജയ-നഷ്ട അനുപാതമാണിത്. കുംബ്ലെയ്‌ക്ക് കീഴില്‍ രണ്ട് സീസണുകളില്‍ കളിച്ച പഞ്ചാബിന് ഒരിക്കല്‍ പോലും പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യ സീസണില്‍ അഞ്ചാം സ്ഥാനത്തെത്തിയ പഞ്ചാബ് കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
സഞ്ജയ് ബംഗാർ (2014-16), വീരേന്ദർ സെവാഗ് (2017), ബ്രാഡ് ഹോഡ്ജ് (2018), മൈക്ക് ഹെസ്സൻ (2019) എന്നിവര്‍ക്ക് പിറകെ പഞ്ചാബ് പരീക്ഷിച്ച അഞ്ചാമത്തെ പരിശീലകനായിരുന്നു കുംബ്ലെ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെയും മുംബൈ ഇന്ത്യൻസിന്‍റെയും മെന്‍ററായി പ്രവര്‍ത്തിച്ച ശേഷമാണ് കുംബ്ലെ പഞ്ചാബിന് കൈകൊടുത്തത്.
അതേസമയം ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഫ്രാഞ്ചൈസി തള്ളിക്കളഞ്ഞിരുന്നു. ടീമിലെ ഉത്തരവാദപ്പെട്ടവർ ആരും ഇതേക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പഞ്ചാബ് കിങ്‌സ് അറിയിച്ചിരുന്നു.