ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡല്‍ഹിയിലെത്തി. വൈറ്റ് ബോൾ ക്യാപ്റ്റൻ ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് സംഘം വ്യാഴാഴ്‌ച (02.06.22) രാവിലെയാണ് ഡല്‍ഹിയിലെത്തിയത്. കളിക്കാര്‍ക്ക് ബയോ ബബിൾ ഉണ്ടാകില്ലെന്നും എന്നാല്‍ പതിവായി കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്‌ച തന്നെ പ്രോട്ടീസ് സംഘം (ജൂൺ 3) പരിശീലനം ആരംഭിക്കും. അതേസമയം ഇന്ത്യൻ ടീം ജൂൺ അഞ്ചിനാണ് ഡല്‍ഹിയില്‍ ഒത്തുചേരുക. രണ്ട് മാസം നീണ്ട ഐപിഎല്ലിന് ശേഷമുള്ള ഇടവേളയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.
വിശ്രമം നല്‍കിയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക. രോഹിത്തിനൊപ്പം ബാറ്റര്‍ വിരാട് കോലിക്കും പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
also read: ഐപിഎല്ലോടെ കഥ മാറി; മില്ലര്‍ മുതല്‍ക്കൂട്ടാവുമെന്ന് ടെംബ ബവുമ
അഞ്ച് മത്സര പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജൂൺ ഒമ്പതിന് അരുണ്‍ ജയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് നടക്കുക. കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക. സ്‌റ്റേഡിയത്തില്‍ കാണികള്‍ക്കും നിയന്ത്രണമുണ്ടാകില്ല.