ഓക്ക്‌ലാന്‍ഡ്: ഐസിസി വനിത ലോകകപ്പിൽ ശരാശരി പ്രകടനം മാത്രമാണ് ഇന്ത്യൻ വനിതകൾ ഇതുവരെയുള്ള മത്സരങ്ങളിൽ കാഴ്‌ച വെച്ചത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം വിജയവും തോൽവിയുമുള്ള ഇന്ത്യ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ച് ആദ്യ നാലിനുള്ളിൽ ഇടം നിലനിർത്തേണ്ടതായുണ്ട്. അതിനാൽ തന്നെ ഓസ്‌ട്രേലിയക്കെതിരെ നാളെ നടക്കുന്ന മത്സരം ഇന്ത്യക്ക് ഏറെ നിർണായകമാണ്.
ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ പരാജയം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് മൂന്നാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 155 റണ്‍സിന്‍റെ കൂറ്റൻ വിജയത്തോടെ ശക്‌തമായി തിരിച്ചുവന്നെങ്കിലും അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിന്‍റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തുമ്പോൾ ബൗളിങ് നിരയാണ് ഇന്ത്യക്ക് ഏറ്റവുമധികം തലവേദന സൃഷ്‌ടിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൊഴിച്ചാൽ ശക്‌തമായ മുന്നേറ്റം നടത്തി മത്സരം വരുതിയിലാക്കാവുന്ന പ്രകടനം ഇന്ത്യൻ ബൗളർമാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാറ്റിങ് നിര മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശുന്നുണ്ട്. ഓപ്പണർ സ്‌മൃതി മന്ദാനയും, ഹർമൻപ്രീതും മികച്ച ഫോമിൽ തന്നെ കളിക്കുന്നുണ്ട്.
ALSO READ: 'ഏഴ് എന്‍റെ ഭാഗ്യ നമ്പറല്ല' ജേഴ്‌സി നമ്പറിനു പിന്നിലെ കാരണം വെളിപ്പെടുത്തി എംഎസ് ധോണി
അതേസമയം ഓസ്‌ട്രേലിയൻ നിര ഇന്ത്യയ്‌ക്ക് ഏറെ വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല. കളിച്ച നാല് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയ ഓസീസ് പട്ടികയിൽ എട്ട് പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് 277 റൺസ് അടിച്ചു കൂട്ടിയ ഓപ്പണർ റേച്ചൽ ഹെയ്‌ൻസാകും ഇന്ത്യൻ ബൗളർമാർക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുക.
സ്‌പിന്നർമാരായ അലാന കിങ്, ആഷ്‌ലീ ഗാർഡ്‌നർ എന്നിവരും മികച്ച ഫോമിലാണ്. കൂടാതെ എല്ലിസ് പെറിയുടെ ഓൾ റൗണ്ട് പ്രകടനവും ഓസീസ് നിരയ്‌ക്ക് ഏറെ കരുത്തേകും. കൂടാതെ 2017ലെ സെമിഫൈനൽ തോൽവിക്ക് ജയത്തിലൂടെ പ്രതികാരം ചെയ്യാനാകും ഓസീസിന്‍റെ ശ്രമം. അതിനാൽ തന്നെ നാളത്തെ മത്സരം തീ പാറുമെന്നുറപ്പ്.