മുംബൈ : ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. ക്രിക്കറ്റിന്‍റെ വെള്ളി വെളിച്ചത്തില്‍ മിന്നിത്തിളങ്ങുന്ന രോഹിത് ചില കഷ്‌ടതകളോട് പൊരുതിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഏറെ ആര്‍ക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ രോഹിത്തിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ അംഗവും ഇന്ത്യയുടെ മുന്‍ സ്പിന്നറുമായ പ്രഗ്യാൻ ഓജ.
ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ പാല്‍ പാക്കറ്റുകളുടെ വില്‍പ്പന നടത്തേണ്ടിവന്നിരുന്ന ഒരു കുട്ടിക്കാലം രോഹിത് ശര്‍മയ്‌ക്ക് ഉണ്ടായിരുന്നുവെന്നാണ് പ്രഗ്യാൻ ഓജ ഓര്‍ത്തെടുക്കുന്നത്. എയ്‌ജ് ഗ്രൂപ്പ് ക്രിക്കറ്റില്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് ഓജയും രോഹിത്തും. ഇക്കാലത്ത് രോഹിത്തുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് പ്രഗ്യാൻ ഓജയുടെ തുറന്നുപറച്ചില്‍.
അണ്ടർ 15 ദേശീയ ക്യാമ്പിൽ വച്ചാണ് താൻ രോഹിത്തിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും പതിയെയാണ് തങ്ങളുടെ സൗഹൃദം വളര്‍ന്നതെന്നും ഓജ പറഞ്ഞു. "അണ്ടർ-15 ദേശീയ ക്യാമ്പിൽ വച്ചാണ് ഞാന്‍ രോഹിത്തിനെ ആദ്യമായി കാണുന്നത്. അവന്‍ വളരെ സ്പെഷ്യലായ താരമാണെന്നാണ് എല്ലാവരും പറഞ്ഞത്.
അന്ന് രോഹിത്തിനെതിരെ കളിച്ച് അവന്‍റെ വിക്കറ്റ് നേടാനും എനിക്ക് കഴിഞ്ഞിരുന്നു. അധികം സംസാരിക്കാത്ത ഒരു ടിപ്പിക്കല്‍ ബോംബെ പയ്യനായിരുന്നു രോഹിത്. പക്ഷേ കളിക്കളത്തിലെത്തുമ്പോള്‍ അവന്‍ അഗ്രസീവായിരുന്നു. വാസ്തവത്തിൽ, ഞങ്ങൾക്ക് പരസ്പരം അറിയാതിരുന്ന സമയത്ത് എന്തുകൊണ്ടാണ് അവൻ എന്നോട് ഇത്ര അഗ്രസീവാകുന്നതെന്ന് ഞാൻ വളരെ ആശ്ചര്യപ്പെട്ടിരുന്നു. എന്നാല്‍ പതിയെ ഞങ്ങളുടെ സൗഹൃദം വളരാൻ തുടങ്ങി" - ഒരു അഭിമുഖത്തില്‍ പ്രഗ്യാൻ ഓജ പറഞ്ഞു.
"അവന്‍ ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു, ക്രിക്കറ്റ് കിറ്റുകൾക്കായുള്ള പണം തികയാതിരുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്ന സമയത്ത് ഒരിക്കല്‍ അവന്‍ ഏറെ വികാരാധീനനായതായി ഞാൻ ഓർക്കുന്നു. വാസ്തവത്തിൽ, അതിനായി അവന്‍ പാൽ പാക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഇതൊക്കെ വളരെക്കാലം മുമ്പായിരുന്നു. ഇപ്പോള്‍ അവനെ കാണുമ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ യാത്ര എങ്ങനെ തുടങ്ങി, എവിടെ എത്തി എന്നതിൽ ഏറെ അഭിമാനമാണ്" - ഓജ കൂട്ടിച്ചേർത്തു.
2007ല്‍ രോഹിത് ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയപ്പോള്‍ 2008ലാണ് പ്രഗ്യാൻ ഓജയ്‌ക്ക് ഇന്ത്യന്‍ കുപ്പായം ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകൾ ഉൾപ്പടെ 24 മത്സരങ്ങൾ ഓജയും രോഹിത്തും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പ് നടന്ന 2008ല്‍ ഡെക്കാൻ ചാർജേഴ്‌സിലും ഓജയും രോഹിത്തും ഒരുമിച്ച് കളിച്ചിരുന്നു. പിന്നീട് മുംബൈ ഇന്ത്യന്‍സിലും ഇരുവരും ഒന്നിച്ചു.
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി നിര്‍ണായക പ്രകടനം നടത്തി തിളങ്ങിയ രോഹിത് ഏറെ പ്രയാസപ്പെട്ടാണ് ഏകദിന ടീമില്‍ സ്ഥാനമുറപ്പിച്ചത്. പിന്നീടാണ് താരം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിലേക്ക് വളര്‍ന്നത്. ഡ്രസിങ് റൂമിൽ നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിവുള്ള ആളാണ് രോഹിത്തെന്നും ഓജ കൂട്ടിച്ചേര്‍ത്തു.
ALSO READ: 'അക്കാര്യത്തില്‍ ബാബര്‍ക്ക് കോലിയുടെ ഏഴയലത്ത് എത്താന്‍ കഴിയില്ല': പാക് മുന്‍ താരം അബ്‌ദുല്‍ റസാഖ്
രോഹിത് നല്ല മിമിക്രിക്കാരനാണെന്നും പ്രഗ്യാന്‍ ഓജ പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 ടീമില്‍ കളിക്കുമ്പോള്‍ സമ്മർദം അനുഭവിക്കുന്ന സമയത്ത് രോഹിത് എന്തെങ്കിലും അനുകരിക്കുകയും ചുറ്റും ചിരി പടര്‍ത്തുകയും ചെയ്യുമായിരുന്നുവെന്നും ഓജ പറഞ്ഞുനിര്‍ത്തി.