ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). സഹതാരങ്ങളില്‍ പലരും ഏറെ പണക്കൊഴുപ്പുള്ള ഐപിഎൽ, ബിഗ് ബാഷ് തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ സജീവമാകുമ്പോള്‍ പലപ്പോഴും ഇതില്‍ നിന്നെല്ലാം അകലം പാലിക്കാറാണ് ഇടംകയ്യൻ പേസർ ചെയ്യാറുള്ളത്. ഇപ്പോഴിതാ ഈ തീരുമാനത്തിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ക്ക്.
തന്നെ സംബന്ധിച്ച് ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതാണ് പരമപ്രധാനമെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരായ വിജയത്തിന് പിന്നാലെയാണ് സ്റ്റാര്‍ക്കിന്‍റെ വാക്കുകള്‍.
"ഐപിഎല്‍ കളിച്ചതും പത്ത് വര്‍ഷം മുമ്പ് യോര്‍ക്‌ഷെയറിനായി കളിച്ചതുമെല്ലാം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ച് അതിനൊക്കെ മുകളിലാണ് ഓസ്‌ട്രേലിയ. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാകാത്തതില്‍ എനിക്ക് യാതൊരു നിരാശയും തോന്നിയിട്ടില്ല.
പണം വരുകയും പോവുകയും ചെയ്യും. പക്ഷെ അതില്‍ വലിയ കാര്യമില്ല. നൂറു വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 500ല്‍ താഴെ മാത്രം പുരുഷ താരങ്ങള്‍ മാത്രമാണ്. അതിലൊരാളാവാന്‍ കഴിഞ്ഞുവെന്നത് ഏറെ സ്‌പെഷ്യലായ കാര്യമാണ്. എനിക്ക് ലഭിച്ച അവസരങ്ങള്‍ക്ക് എന്നും ഞാന്‍ കടപ്പെട്ടവനാണ്", സ്റ്റാര്‍ക്ക് പറഞ്ഞു.
ഭാവിയിൽ നിരവധി യുവാക്കൾ തന്‍റെ ഈ പാത പിന്തുടരുമെന്ന പ്രതീക്ഷയും 33-കാരനായ സ്റ്റാര്‍ക്ക് പങ്കുവച്ചു. "ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒരു തലമുറയുണ്ടെന്ന് എന്നിലെ പാരമ്പര്യവാദി ഇപ്പോഴും പ്രതീക്ഷിക്കുന്നു. എന്നാൽ എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ കഴിയുക ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ്", താരം കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 2015-ലാണ് സ്റ്റാര്‍ക്ക് അവസാനമായി ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിച്ചത്. ഭാവിയില്‍ ഐപിഎല്‍ കളിക്കാന്‍ താത്‌പര്യപ്പെടുന്നുണ്ടെങ്കിലും ഓസീസിനായി കളിക്കുന്നത് തന്‍റെ മുൻഗണനയായി തുടരുമെന്നും താരം പറഞ്ഞു.
"തീർച്ചയായും വീണ്ടും ഐപിഎല്ലിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഫോർമാറ്റ് എന്തുതന്നെയായാലും ഓസ്‌ട്രേലിയയ്‌ക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുക എന്നതാണ് എന്‍റെ ദീർഘകാലത്തെ ലക്ഷ്യം. ഒരു ടെസ്റ്റ് മത്സരത്തിലെ വിജയത്തിനൊടുവില്‍ സഹ താരങ്ങളുമായി അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ക്രിക്കറ്റിൽ എന്‍റെ ഏറ്റവും വലിയ ഇഷ്‌ടമാണ്.
ഫ്രാഞ്ചൈസി ക്രിക്കറ്റ് മികച്ചതാണ്, എന്നാൽ 12 മാസത്തിനുള്ളിൽ ഒരു ടീമിന് നിങ്ങളെ വിൽക്കാനോ വാങ്ങാനോ സാധിക്കും. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് ഒരു വലിയ അവസരമാണ്. 10 വർഷത്തിലേറെയായി എനിക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്", മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലില്‍ 209 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു.