ദോഹ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്ക് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ യോഗ്യത നേടുന്നത്. 2021ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ ഫൈനലില്‍ എത്തിയെങ്കിലും ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. ഇത്തവണ ഫൈനലില്‍ എത്താന്‍ ഇന്ത്യയ്‌ക്ക് ന്യൂസിലന്‍ഡിന്‍റെ സഹായം കൂടി ലഭിച്ചുവെന്നത് രസകരമായ മറ്റൊരു കാര്യമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ നേരത്തെ തന്നെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനമുറപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. പക്ഷേ ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന ശ്രീലങ്ക ഇന്ത്യയ്‌ക്ക് ഭീഷണിയായുണ്ടായിരുന്നു.
ഒടുവില്‍ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യയ്‌ക്ക് ഫൈനല്‍ ഉറപ്പായത്. ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന പന്തിലായിരുന്നു കിവീസ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. മുന്‍ നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അപരാജിത സെഞ്ചുറിയായിരുന്നു കിവികള്‍ക്ക് വിജയം ഒരുക്കിയത്.
ഇന്ത്യയെ സംബന്ധിച്ച് ഐസിസി ടൂര്‍ണമെന്‍റുകളിലെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഐസിസി ടൂര്‍ണമെന്‍റില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള 10 വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും.
2013ല്‍ എംഎസ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്‍റ് വിജയിച്ചത്. ഇംഗ്ലണ്ടിനെതിരായ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയമായിരുന്നുവിത്. ഇതിന് ശേഷം കിട്ടാക്കനിയായ ഐസിസി കിരീടം ഇന്ത്യയ്‌ക്ക് ഇത്തവണ നേടാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യയ്‌ക്ക് ആധിപത്യം: ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലിലാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇറങ്ങുന്നത്. ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഓസീസിന് മേല്‍ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ പോൾ കോളിങ്‌വുഡ്. ഇന്ത്യയ്ക്ക് വളരെ ശക്തമായ ഒരു ടീമുണ്ടെന്നാണ് പോൾ കോളിങ്‌വുഡ് പറയുന്നത്.
"ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് ഇത്തവണ മികച്ച അവസരമാണുള്ളത്. അവര്‍ക്ക് വളരെ മികച്ച ഒരു ടീമാണുള്ളതെന്ന് അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നമ്മള്‍ കണ്ടതാണ്.
അവർ കളിക്കുന്ന രീതി ഗംഭീരമാണ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയും. ഓസ്‌ട്രേലിയന്‍ ടീമും വളരെ മികച്ചതാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. മത്സരത്തില്‍ ഇരു ടീമുകളും മികച്ച പോരാട്ടം നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" - പോള്‍ കോളിങ്‌വുഡ് പറഞ്ഞു.
നിലവില്‍ ദോഹയില്‍ പുരോഗമിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാണ് പോള്‍ കോളിങ്‌വുഡ്. അതേസമയം അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെ കീഴടക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. നാല് മത്സര പരമ്പര 2-1നാണ് ഇന്ത്യ നേടിയത്.
തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടുന്നത്. യഥാക്രമം നാഗ്‌പൂരിലും ഡല്‍ഹിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റ് പിടിച്ച ഓസീസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ALSO READ: ഉജ്ജ്വലം...! ; കൊടിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ പുകഴ്ത്തി വെങ്കടേഷ് പ്രസാദ്
ഈ മത്സരം വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ശ്രീലങ്കയുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാമായിരുന്നു.