കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഭയരഹിതമായ സമീപനമാണ് പാക് താരങ്ങള്‍ പുലര്‍ത്തേണ്ടതെന്ന് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാൻദാദ്. "ഇന്ത്യയ്‌ക്കെതിരായ മത്സരം ടൂർണമെന്‍റില്‍ മുന്നോട്ടുള്ള യാത്രയ്‌ക്ക് നിർണായകമാണ്.
നിരവധി മികച്ച കളിക്കാരുള്ള ശക്തരായ ടീമാണ് അവർ. പക്ഷേ ഞങ്ങൾക്ക് ഭയവും സമ്മർദ്ദവും ഇല്ലാതെ കളിക്കാൻ കഴിയുമെങ്കിൽ, എല്ലാവര്‍ക്കും കഴിവിന്‍റെ പരമാവധി നല്‍കാനുമായാല്‍ നമുക്ക് അവരെ തോൽപ്പിക്കാം" മിയാൻദാദ് പറഞ്ഞു.
" ടി 20 ഫോർമാറ്റില്‍ ഒന്നോ, രണ്ടോ കളിക്കാർക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനാവുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരും ടീമിന്‍റെ വിജയത്തിനായി സംഭാവന നല്‍കേണ്ടതുണ്ടെന്ന തരത്തിലാണ് ഞാനതിനെ കാണുന്നത്.
ഈ ഫോര്‍മാറ്റില്‍ 20 റണ്‍സിന്‍റെ ഒരു ചെറിയ ഇന്നിങ്സ്, നിർണായകമായ ഒരു ക്യാച്ച് അല്ലെങ്കില്‍ ഒരു റൺ ഔട്ട്, ഒരു നല്ല ഓവർ എന്നിവയാലൊക്കെ നിങ്ങൾക്ക് മത്സരങ്ങൾ വിജയിക്കാനാകും. അതിനാൽ ഓരോരുത്തരും അവരവരുടേതായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ഫോർമാറ്റ് ടീമിൽ നിന്നുള്ള കൂട്ടായ പരിശ്രമത്തെക്കുറിച്ചാണ് " മിയാന്‍ദാദ് പറഞ്ഞു.
also read: വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്ക്?; ഇന്ത്യൻ ലോകകപ്പ് ടീമില്‍ ആശങ്ക
അതേസമയം ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.
ഈ മാസം 17 മുതല്‍ക്ക് നവംബര്‍ 14 വരെ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് നടക്കുക. ഒക്ടോബർ 24നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമായ മത്സരം ദുബായിലാണ് നടക്കുക.