ദുബായ്: ആദ്യ ദിനം തന്നെ റെക്കോഡ് റണ്‍സ് പിറന്ന പാകിസ്ഥാന്‍ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം 75 ഓവറിൽ മാത്രം 500 റണ്‍സിന് മുകളിലാണ് അടിച്ച് കൂട്ടിയത്. സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ സെഞ്ചുറി കരുത്താണ് ടീമിന് ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടായത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ആദ്യദിനം 500 റൺസ് കടക്കുന്നത്. ആദ്യ ദിനം നാല് ബാറ്റര്‍മാര്‍ സെഞ്ചുറി നേടുന്നതും റെക്കോഡായിരുന്നു. എന്നാല്‍ പിച്ചിന്‍റെ നിലവാരം ശരാശരിയിലും താഴെയെന്നാണ് ഐസിസി വിലയിരുത്തിയിരിക്കുന്നത്. പിച്ച് ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരത്തിലുള്ളതല്ലെന്ന് ഐസിസി എലൈറ്റ് പാനൽ മാച്ച് റഫറിയിലെ ആൻഡി പൈക്രോഫ്റ്റ് പറഞ്ഞു.
"ഏതു തരത്തിലുള്ള ബോളർക്കും ഒരു സഹായവും നൽകാത്ത വളരെ ഫ്ലാറ്റായ പിച്ചായിരുന്നുവത്. ബാറ്റർമാർ അതിവേഗം സ്‌കോർ ചെയ്യുന്നതിനും ഇരുടീമുകളും കൂറ്റൻ സ്‌കോർ നേടുന്നതിനുമുള്ള പ്രധാന കാരണം അതായിരുന്നു. ഐസിസി മാർഗ നിർദേങ്ങൾ അനുസരിച്ച് ഈ പിച്ച് ശരാശരിയിൽ താഴെയാണ്". പൈക്രോഫ്റ്റ് പറഞ്ഞു.
പിച്ച് ശരാശരിയിലും താഴെയെന്ന് വിലയിരുത്തപ്പെട്ടതോടെ രണ്ട് ഡീമെറിറ്റ് പോയിന്‍റുകളും റാവൽപിണ്ടിയിലെ വേദിക്ക് ലഭിച്ചു. ഐസിസി പിച്ച് ആൻഡ് ഔട്ട്ഫീൽഡ് മോണിറ്ററിങ് പ്രോസസിന് കീഴിയില്‍ ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് പിച്ചിന് ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്.
അഞ്ച് വര്‍ഷ കാലാവധിയാണ് ഡീമെറിറ്റ് പോയിന്‍റുകള്‍ക്കുള്ളത്. കൂടുതല്‍ ഡീമെറിറ്റ് പോയിന്‍റുകൾ ലഭിക്കുകയാണെങ്കിൽ, ഈ വേദിയില്‍ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കഴിയില്ല. അഞ്ച് ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ ഒരുവര്‍ഷത്തേക്കാണ് പിച്ചിന് വിലക്ക് ലഭിക്കുക.